Monday, October 29, 2007

എന്താണ്‌ അന്ത്യകൂദാശ

"മാഷേ..എന്താമാഷേ ഇത്‌.ഇപ്പോള്‍ ഇതാണല്ലോ ദിവസവും പത്രവാര്‍ത്ത.സത്യത്തില്‍ എന്താണ്‌മാഷേ ഇതിന്റെ അന്തസത്ത?"
റോസാച്ചെടിക്ക്‌ വെള്ളം ഒഴിച്ചുകൊണ്ടിരുന്ന ചാക്കോമാഷ്‌ തല ഉയര്‍ത്തിനോക്കി.കൈയ്യില്‍ അന്നത്തെ ദിനപത്രവും പിടിച്ച്‌ ഏലിയാമ്മചേടത്തി സ്വതസിദ്ധമായ വേവലാതിയോടെ നില്‍ക്കുന്നു.
"എന്താ ചേടത്തി എവിടെയെങ്കിലും വിമാനം തകര്‍ന്നുവീണോ അതോ ഉരുള്‍ പൊട്ടിയോ?ആകെ ബേജാറിലാണല്ലോ?"
"തമാശ കള മാഷേ,എനിക്ക്‌ ഈ അന്ത്യകൂദാശയെക്കുറിച്ച്‌ ഒന്ന് വിവരിച്ച്‌ പറഞ്ഞു തരാമോ?.ഇപ്പോഴാണെങ്കില്‍ അന്ത്യകൂദാശാവിവാദം മാത്രമേ പത്രത്തിലുള്ളു.ഇതും യേശു സ്ഥപിച്ച കൂദാശയല്ലേ?ബൈബിളില്‍ എന്താണ്‌ ഇതിനെക്കുറിച്ച്‌ പറയുന്നത്‌?"
ചാക്കോമാഷ്‌ ചെടിനനച്ചുകൊണ്ടിരുന്ന പൈപ്പ്‌ ഓഫാക്കി.
"ഏതായാലും ചേടത്തി സമാധാനമായി ആ കസേരയില്‍ ഇരിക്ക്‌ ഞാന്‍ ഇപ്പോള്‍ വരാം"
ചാക്കോമാഷ്‌ അകത്തേക്ക്‌ പോയി ഒരു ബൈബിളുമായി മടങ്ങിവന്നു.പിന്നെ പറയാനാരംഭിച്ചു.

"ജീവിതാരംഭം മുതല്‍ ജീവിതാവസാനം വരെ മനുഷ്യജീവിതത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന ഒന്നാണല്ലോ രോഗാവസ്ഥ.അപ്പോഴാണ്‌ മനുഷ്യന്‍ തന്റെ ബലഹീനതയേയും പരിമിതികളേയും കുറിച്ച്‌ ബോധവാനാകുന്നത്‌.ഓരോരോഗവും മരണത്തെക്കുറിച്ചുള്ള ചിന്തകള്‍ മനുഷ്യനില്‍ കൊണ്ടുവരുന്നു.ചിലരെ ഇത്‌ നിരാശയിലേക്ക്‌ വഴിനടത്തുന്നു.എന്നാല്‍ ശുഭാപ്തി വിശ്വാസക്കാരായ ചിലര്‍ക്ക്‌ ദൈവത്തെ അന്വേഷിക്കുന്നതിന്‌ രോഗം പ്രേരകമാവുന്നു."
യേശുവിന്‌ മുന്‍പ്‌ രോഗത്തെ ദൈവശിക്ഷയായി ജനങ്ങള്‍ കരുതിയിരുന്നു.പാപങ്ങള്‍ ചെയ്തതുകൊണ്ടാണ്‌ രോഗം വന്നതെന്നും രോഗശമനം പാപമോചനമായും അവര്‍ കരുതിയിരുന്നു.
യേശു രോഗികളോട്‌ കാരുണ്യപൂര്‍വ്വമാണ്‌ ഇടപെട്ടതെന്നുമാത്രമല്ല അവരുടെ ദുരിതങ്ങള്‍ സ്വന്തമാക്കുകകൂടി ചെയ്തു.രോഗം സുഖപ്പെടുത്താന്‍ മാത്രമല്ല, പാപങ്ങള്‍ മോചിക്കാനുള്ള അധികാരവും യേശുവിനുണ്ടായിരുന്നു.(മര്‍ക്കോ 2:10) യേശു ഉത്ഥിതനായശേഷം ശിഷ്യന്മാരെ ഈ ചുമതല ഏല്‍പ്പിച്ചു."അവര്‍ രോഗികളുടെമേല്‍ കൈകള്‍വെയ്ക്കും;അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും"(മര്‍ക്കോ 16:18) "രോഗികളെ സുഖപ്പെടുത്തുവിന്‍" എന്ന ദൗത്യം യേശുവില്‍നിന്ന് (മത്താ 10:8) സഭ സ്വീകരിച്ചു. അത്‌ എങ്ങനെ വേണമെന്ന് വി.യാക്കോബ്‌ വ്യക്തമാക്കുന്നുണ്ട്‌."നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ ശ്രേഷ്‌ഠന്മാരെ വിളിക്കട്ടെ.അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അവനെ തൈലാഭിഷേകം ചെയ്ത്‌ അവനുവേണ്ടി പ്രാര്‍ഥിക്കട്ടെ.വിശ്വാസത്തോടുകൂടിയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും.കര്‍ത്താവ്‌ അവനെ എഴുന്നേല്‍പ്പിക്കും.അവന്‍ പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവന്‌ മാപ്പ്‌ നല്‍കും."(യാക്കോ 5:14) അപ്പസ്തോലന്മാരുടെ പിന്തുടര്‍ച്ചയായി വന്ന ഈ പാരമ്പര്യം കത്തോലിക്ക സഭ ഒരു കൂദാശയായി ഇന്നും അനുഷ്‌ഠിക്കുന്നു.ഇതാണ്‌ രോഗീലേപനം എന്ന പേരില്‍ അറിയപ്പെടുന്നത്‌."
"അപ്പോള്‍ അന്ത്യകൂദാശയോ"
ഏലിയാമ്മചേടത്തിക്ക്‌ സംശയം അടക്കാനായില്ല
മാഷ്‌ ഉത്തരമായി തുടര്‍ന്നു

"രോഗീലേപനം മരണത്തിനോട്‌ അടുത്തവര്‍ക്ക്‌ മാത്രം നല്‍കുന്ന രീതി കാലക്രമേണ പ്രബലപ്പെട്ടു.അതിനാല്‍ ഇത്‌ അന്ത്യകൂദാശ എന്നും അറിയപ്പെട്ടു.(ഒടുവിലത്തെ ഒപ്രുശുമ)"
"ഗൗരവമുള്ള രോഗത്തിന്റെയോ വാര്‍ധക്യത്തിന്റെയോ കാരണത്താല്‍ പ്രയാസങ്ങളനുഭവിക്കുന്ന ക്രൈസ്തവന്‌ അതിവിശേഷമായ ഒരു കൃപാവരം നല്‍കുക എന്നതാണ്‌ രോഗീലേപനം എന്ന കൂദാശയുടെ ലക്ഷ്യം."

"രോഗീലേപനം മരണനിമിഷത്തില്‍ എത്തിയവര്‍ക്ക്‌ മാത്രമുള്ള ഒരു കൂദാശയല്ല;രോഗത്താലോ പ്രായത്താലോ മരിക്കത്തക്ക സാഹചര്യത്തിലെത്തിയവര്‍ക്ക്‌ ഈ കൂദാശ സ്വീകരിക്കവുന്നതാണ്‌.ഈ ലേപനം സ്വീകരിച്ച ഒരു രോഗി ആരോഗ്യം വീണ്ടെടുക്കുകയും പിന്നീട്‌ മറ്റൊരു രോഗത്താല്‍ അയാള്‍ വീണ്ടും മരിക്കത്തക്ക സാഹചര്യത്തിലായാല്‍ ഈ കൂദാശ വീണ്ടും സ്വീകരിക്കാം.ഒരേ രോഗത്തില്‍ത്തന്നെ രോഗിയുടെ അവസ്ഥ ഗുരുതരമായാല്‍ ഈ കൂദാശ വീണ്ടും സ്വീകരിക്കാം."
"ഇത്‌ കൊടുക്കാന്‍ ആര്‍ക്കോക്കെ അധികാരമുണ്ട്‌?"
ഏലിയാമ്മ ചേടത്തി ചോദിച്ചു
ചാക്കോമാഷ്‌ മറുപടിയായി തുടര്‍ന്നു
"പുരോഹിതന്മാര്‍ക്ക്‌(മെത്രാന്മാരും വൈദികരും) മാത്രമാണ്‌ രോഗീലേപനം നല്‍കാന്‍ അധികാരമുള്ളത്‌.മെത്രാന്‍ ആശീര്‍വദിച്ച തൈലം കൊണ്ടാണ്‌ ലേപനം നടത്തുന്നത്‌.പ്രത്യേക സാഹചര്യത്തില്‍ കാര്‍മ്മികനായ വൈദികനും അത്‌ ആശീര്‍വദിക്കാം.ഈ ലേപനം രോഗിയുടെ നെറ്റിയിലും കൈകളിലും പുരട്ടി "വിശുദ്ധമായ ഈ അഭിഷേകത്തിലൂടെ കര്‍ത്താവ്‌ തന്റെ കാരുണ്യത്തിലും സ്നേഹത്തിലും പരിശുദ്ധാത്മാവിന്റെ കൃപാവരത്താല്‍ നിന്നെ സഹായിക്കട്ടെ.അവിടുന്ന് നിന്നെ പാപത്തില്‍നിന്ന് മോചിപ്പിച്ച്‌ രക്ഷിക്കുകയും എഴുന്നേല്‍പ്പിക്കുകയും ചെയ്യട്ടെ."എന്ന് കാര്‍മ്മികന്‍ ഒരുപ്രാവശ്യം മാത്രം ചൊല്ലുന്നു."
"ഈ കൂദാശ വീട്ടില്‍ വെച്ചോ ആശുപത്രിയില്‍ വെച്ചോ ദേവാലയത്തില്‍ വെച്ചോ കുര്‍ബാനയുടെ ഇടയില്‍ വെച്ചോ നടത്താം.സാഹചര്യം അനുകൂലമായിരുന്നാല്‍ ഈ കൂദാശക്കുമുന്‍പ്‌ കുമ്പസാരവും ഇതിനു ശേഷം ദിവ്യകാരുണ്യ സ്വീകരണവും നടത്താം."
"ഇനി ഈ കൂദാശ സ്വീകരിച്ചാലുണ്ടാവുന്ന
ഫലങ്ങളെ ക്കുറിച്ച്‌ പറയാം"
ചാക്കോമാഷ്‌ തുടര്‍ന്നു.
"രോഗിയെ, രോഗിയുടെതന്നെയും സഭമുഴുവന്റേയും പ്രയോജനത്തിനായി ക്രിസ്തുവിന്റെ പീഡാസഹനത്തോട്‌ ഐക്യപ്പെടുത്തുന്നു.രോഗത്തിന്റേയോ വാര്‍ദ്ധക്യത്തിന്റെയോ സഹനങ്ങളെ ക്രൈസ്തവമായ രീതിയില്‍ നേരിടുവാനുള്ള ബലപ്പെടുത്തലും സമാധാനവും ധീരതയും ഈ കൂദാശയിലൂടെ ലഭിക്കുന്നു.രോഗിക്ക്‌ കുമ്പസാരത്തിലൂടെ പാപമോചനം നേടാന്‍ സാധിച്ചിട്ടില്ല എങ്കില്‍ പാപങ്ങളുടെ മോചനവും രോഗീലേപനത്തിലൂടെ ലഭിക്കുന്നു.രോഗിയുടെ ആത്മരക്ഷക്കുതകുന്നപക്ഷം ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുന്നു.നിത്യജീവനിലേക്ക്‌ കടന്നുപോകുന്നതിനുള്ള ഒരുക്കമാണ്‌ രോഗീലേപനം"
ചാക്കോമാഷ്‌ പറഞ്ഞ്‌ നിറുത്തി.

6 comments:

സുല്‍ |Sul said...

ലേഖനം നന്നായിരിക്കുന്നു.
അറിയാത്ത പലതും അറിയുവാനാകുന്നു.

-സുല്‍

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്

G.MANU said...

good article.. informative//

മന്‍സുര്‍ said...

ക്രിസ്‌വിന്‍...

നല്ല ഒരു ലേഖനം...നന്നായിരിക്കുന്നു...തുടരുക

നന്‍മകള്‍ നേരുന്നു...

സഹയാത്രികന്‍ said...

ക്രിസ്‌വിന്‍ ....നന്ദി ഈ അറിവുകള്‍ക്ക്
:)

Unknown said...

തെറ്റിദ്ധാരണ മാറി. നല്ല ലേഖനം. ഈശോയെ നന്ദി.