Tuesday, November 6, 2007

മാലാഖമാര്‍(1)

"മാഷേ മാലാഖമാര്‍ ആരാണ്‌?എന്താണ്‌ അവരുടെ ചുമതല? സ്‌ത്രീകളൂടേയും കുട്ടികളുടേയും രൂപത്തിലാണല്ലോ നാം മാലഖമാരുടെ ചിത്രങ്ങള്‍ കണ്ടിട്ടുള്ളത്‌. എന്താണ്‌ അവരുടെ രൂപം?" ഇന്ന് വളരെ വ്യത്യസ്തമായ ഒരു ചോദ്യവുമായാണ്‌ ഏലിയാമ്മചേടത്തി വന്നത്‌."നല്ല ചോദ്യം.വളരെ വിവാദങ്ങളുള്ള ഒരു ചോദ്യമാണിത്‌.ബൈബിളിലെന്താണ്‌ പറയുന്നതെന്ന് ഞാന്‍ വിവരിക്കാം"ചാക്കോമാഷ്‌ തുടര്‍ന്നു"സത്തയേക്കാള്‍ സ്വഭാവത്തെ സൂചിപ്പിക്കുന്ന പദമാണ്‌ മാലാഖ.യാഹ്‌വേയുടെ ദൂതന്‍ എന്ന് മാലാഖമാരെ വിളിക്കാം.യജമാനത്തിയെ ഭയന്ന് മരുഭൂമിയിലേക്ക്‌ ഒളിച്ചോടിയ ഹാഗാറിന്‌ മുന്‍പില്‍ പ്രത്യക്ഷപ്പെടുമ്പോഴാണ്‌(ഉല്‍പ.16:13) ബൈബിളില്‍ മാലാഖയെ ആദ്യം നാം കണുന്നത്‌.തന്റെ ഏകജാതനെ ബലിയര്‍പ്പിക്കാന്‍ തുടങ്ങിയ അബ്രഹാമിനെ തടയുന്ന മാലാഖയെ(ഉല്‍പ:22:10) നാം പിന്നെ കാണുന്നു.""ചില സ്ഥലങ്ങളില്‍ സംഹാരദൂതനായി ബൈബിളില്‍ നാം മലാഖമാരെ കാണുന്നു.ഈജിപ്തുകാരുടെ ആദ്യജാതന്മാരെ വധിച്ച്‌ കടന്ന് പോകുമ്പോഴും(പുറ.12:23)ദാവീദ്‌ ജനസംഖ്യാകണക്കെടുത്തതിന്റെ പേരില്‍ ജനത്തിനുമേല്‍ ശിക്ഷാവിധി നടപ്പിലാക്കുമ്പോഴും(2സാമു.24:16)ജറുസലേമിന്‌ ഉപരോധമേര്‍പ്പെടുത്തിയ അസീറിയന്‍ പാളയത്തിലേക്ക്‌ കടന്നുവന്ന് കൂട്ടക്കൊല നടത്തുമ്പോഴും നാം മാലാഖമാരെ സംഹാരദൂതനായി കാണുന്നു.""ദൈവഹിതം നിറവേറ്റുന്ന ദൈവത്തിന്റെ സേവകരായും മാലഖമാരെ ബൈബിളില്‍ നാം കാണുന്നു.മനുഷ്യന്‌ സംരക്ഷണവും ശിക്ഷണവും നല്‌കാനും മനസുതിരിയാത്തവരെ ശിക്ഷിക്കാനും ദൈവം ദൂതന്മാരെ ഉപയോഗിക്കുന്നതായി കാണാം.നന്മയുടേയും തിന്മയുടേയും ഉപകരണങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലാത്തതുപോലെയാണ്‌ ആദ്യമാദ്യം ദൂതന്മാരെക്കുറിച്ചുള്ള ബൈബിളിലെ പ്രതിപാദനം.എന്നാല്‍ കാലക്രമത്തില്‍ ഈ അവ്യക്തത മാറുകയും മാലാഖമാര്‍ നന്മയുടേയും പിശാചുക്കള്‍ തിന്മയുടേയും മാത്രം ഉപകരണങ്ങളാവുകയും ചെയ്യുന്നു.മാലാഖമാര്‍ പല ഗണങ്ങളുണ്ടെന്ന് ബൈബിളില്‍ കാണാം.ഓരോ ഗണത്തിനും വ്യത്യസ്തങ്ങളായ ദൗത്യങ്ങളാണ്‌ ഏല്‌പ്പിക്കപ്പെട്ടിരിക്കുന്നത്‌.അവയില്‍ ഒരു ഗണമാണ്‌സെറാഫുകള്‍""ദൈവത്തെ നിരന്തരം സ്തുതിക്കുന്ന മാലാഖമാരെ സെറഫുകള്‍ എന്ന് വിശേഷിപ്പിക്കുന്നു(ഏശയ്യ.6:1)ആറുചിറകുള്ള ഇവര്‍ മുഖവും പാദവും ചിറകുകൊണ്ട്‌ മൂടുന്നത്‌ ദൈവമഹത്വത്തിന്റെ അടയാളമാണ്‌.അവിടെ നില്‌ക്കാനോ അങ്ങോട്ട്‌ നോക്കാനോ തങ്ങള്‍ യോഗ്യരല്ല എന്ന് ഈ പ്രവൃത്തിയിലൂടെ അവര്‍ സൂചിപ്പിക്കുന്നു.വേറൊരു ഗണമാണ്‌ കെരൂബുകള്‍""ജീവന്റെ വൃക്ഷത്തിലേക്കുള്ള വഴിയില്‍ കാവല്‍ നില്‍ക്കുന്നവരായാണ്‌ ഇവര്‍ ബൈബിളില്‍ പ്രത്യക്ഷപ്പെടുന്നത്‌.(ഉല്‍പ്പ.3:24)'ഉടമ്പടിയുടെ പേടകത്തിന്റെ കാവല്‍ക്കാരായും(പുറ.25:18)കര്‍ത്താവിന്റെ വാഹനമായും(2സാമു.22:11,സങ്കീ.18:10) ഇവരെ ബൈബിളില്‍ കാണുന്നു. മനുഷ്യന്റേയും കാളയുടേയും കഴുകന്റേയും സിംഹത്തിന്റേയും രൂപങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ്‌ കെരൂബിന്റെ രൂപം(എസ.1:5,10:1). മധ്യസ്ഥന്‍ എന്നും കാവല്‍ക്കാരന്‍ എന്നും അര്‍ഥമുള്ള കെരൂബു എന്ന വാക്കില്‍ നിന്നാണ്‌ കെരൂബ്‌ എന്ന പേരുണ്ടായത്‌.കര്‍ത്താവിന്റെ സൈന്യമായും ചില ആളുകള്‍ മാലഖമാരെ കണക്കാക്കുന്നു(മത്താ.26:53,വെളി.19:14)""അപ്പോള്‍ മുഖ്യദൂതന്മാര്‍ എന്ന് വിളിക്കുന്നതാരെയാണ്‌?" ഏലിയാമ്മ ചേടത്തി ചോദിച്ചു.മാഷ്‌ തുടര്‍ന്നു"മാലാഖമാരില്‍ ഏറ്റ്വും പ്രധാനപ്പെട്ടവരെ മുഖ്യദൂതന്മാര്‍ എന്ന് വിളിക്കുന്നു.മുഖ്യദൂതന്മാരുടെ എണ്ണം എത്രയെന്ന് ബൈബിള്‍ പറയുന്നില്ല.മിഖായേല്‍,ഗബ്രിയേല്‍,റഫായേല്‍ എന്നീപേരുകള്‍ ബൈബിളില്‍ കാണാം.'ദൈവത്തെപ്പോലെ ആര്‌?'എന്നഥമുള്ള മി-കാ-ഏല്‍ എന്ന മൂന്ന് ഹീബ്രുവാക്കുകള്‍ ചേര്‍ന്നാണ്‌ മിഖായേല്‍ എന്ന പേരുണ്ടായത്‌.'ശക്തന്‍' എന്നര്‍ഥമുള്ള 'ഗെബര്‍'എന്ന നാമത്തോട്‌ 'ഏല്‍' എന്ന പദം കൂട്ടിചേര്‍ത്തതാണ്‌ ഗബ്രിയേല്‍ എന്ന ഹീബ്രുപദം.'സുഖപ്പെടുത്തുക' എന്നര്‍ഥമുള്ള 'റഫാ അ' എന്ന ക്രിയാധാതുവിനോട്‌ 'ഏല്‍' കൂട്ടിചേര്‍ത്താണ്‌ റാഫേല്‍ എന്ന പേരുണ്ടായത്‌.""ഇപ്പോള്‍ മാലാഖമാര്‍ ആരണെന്നും എന്താണ്‌ അവരുടെ ചുമതല എന്നും മനസിലാക്കിയല്ലോ? ഇനി അടുത്ത ചോദ്യത്തിനുള്ള ഉത്തരം"മാഷ്‌ തുടര്‍ന്നു" ക്രൈസ്തവ കലാകാരന്മാര്‍ പ്രത്യേകിച്ചും പാശ്ചാത്യകലാകാരന്മാര്‍ മാലാഖമാരെ ചിറകുള്ള സ്‌ത്രീകളും കുട്ടികളുമായി ചിത്രീകരിച്ചിരിക്കുന്നു.വിശുദ്ധിയുടേയും സൗന്ദര്യത്തിന്റെയും പ്രതീകങ്ങളായി ഈ ചിത്രീകരണത്തെ കാണാം.അതില്‍ കവിഞ്ഞ്‌ മാലാഖമാരുടെ സ്വഭാവത്തേയോ പ്രവര്‍ത്തനശെയിലിയെയോ വിലയിരുത്താന്‍ ഇത്‌ സഹായകമാവില്ല.ബൈബിളിലെ മാലാഖമാര്‍ അതിശക്തരായ ദൈവസേവകരാണ്‌.വേഗതയെ സൂചിപ്പിക്കുന്ന പ്രതീകം മാത്രമാണ്‌ ചിറക്‌.അല്ലാതെ പക്ഷിയുടെ ചിറകും മനുഷ്യന്റെ ശരീരവുമുള്ള ഒരു പ്രത്യേകതരം ജീവികളല്ല മാലാഖമാര്‍.അവര്‍ അശരീരികളാണ്‌.""യേശു മാലാഖമാരെക്കുറിച്ച്‌ നമുക്ക്‌ നല്‌കുന്ന അറിവുകളെക്കുറിച്ചും മാലാഖമാരെക്കുറിച്ച്‌ കത്തോലിക്ക സഭയുടെ നിലപാടിനെക്കുറിച്ചും നാളെ പറയാം"മാഷ്‌ നിറുത്തി.

1 comment:

സഹയാത്രികന്‍ said...

ക്രിസ്‌വിന്‍... ഒരുപാട് അറിവുകള്‍ തരുന്നു താങ്കള്‍...
നന്ദി...
:)