Thursday, January 3, 2008

ബൈബിളിന്റെ ആധികാരികത

എല്ലാവര്‍ക്കും മനസിലാക്കാന്‍ കഴിയുന്ന രീതിയില്‍ ലളിതമായ രക്ഷാകര സന്ദേശങ്ങളോടൊപ്പം നിഗൂഡവും വിദഗ്‌ധരായ ബൈബിള്‍ വ്യാഖ്യാതാക്കളുടെ സഹായമില്ലാതെ മനസിലാക്കാന്‍ കഴിയാത്തതുമായ പലകാര്യങ്ങളും ബൈബിളിലുണ്ട്‌.ഇതിന്റെ പ്രധാനകാരണം ബൈബിള്‍ രചനയുടെ കാലഘട്ടമാണ്‌. മോശയുടെകാലം തൊട്ട്‌ (B.C.1250)B.C.50 വരെയാണ്‌ പഴയനിയമ ഗ്രന്ഥരചനകള്‍ നടന്നിട്ടുള്ളത്‌. A.D 50മുതല്‍ A.D 140വരെ പുതിയനിയമ ഗ്രന്ഥരചനകാലഘട്ടവും.ബൈബിള്‍ ദൈവനിവേശിതമാണെങ്കിലും അത്‌ മനുഷ്യരായ ഗ്രന്ഥകാരന്മാരാല്‍ എഴുതപ്പെട്ടവയാണ്‌. അന്നത്തെ മനുഷ്യരുടെ പ്രപഞ്ച വീക്ഷണവും സംസ്കാരവും ചിന്താരീതികളും സാഹിത്യരൂപങ്ങളും സാന്മാര്‍ഗികവും മാനസികവുമായ നിലവാരവുമെല്ലാം നമ്മുടേതില്‍ നിന്ന് വളരെയേറെ വ്യത്യാസപ്പെട്ടാണെന്ന് പറയേണ്ടതില്ലല്ലോ.ഇന്നത്തെ ശാസ്ത്രീയമായ ചിന്താരീതിയൊന്നും അന്നത്തെമനുഷ്യര്‍ക്ക്‌ ഉണ്ടായിരുന്നില്ല.അന്നെഴുതപ്പെട്ട പലതും മനസിലാക്കുവാന്‍ ഈ വിടവ്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു.സനാതനമായ രക്ഷാകര സന്ദേശത്തെ അത്‌ നല്‍കാന്‍ ഉപയോഗിച്ചിരിക്കുന്ന മാധ്യമത്തില്‍ നിന്ന് വിവേചിച്ചറിയേണ്ടിയിരിക്കുന്നു.പാഠവിമര്‍ശനം,സാഹിത്യവിമര്‍ശനം,രൂപവിമര്‍ശനം,രചനാ ചരിത്രവിമര്‍ശനം തുടങ്ങിയ വ്യാഖ്യാന തത്വങ്ങള്‍ അവഗണിച്ചുകൊണ്ട്‌ ബൈബിളിനെ വ്യാഖ്യാനിക്കാനോ വേണ്ടവിധം മനസിലാക്കാനോ സാധിക്കില്ല.ഇതൊന്നുമറിയാതെയാണ്‌ ചിലര്‍ ബൈബിള്‍ വ്യാഖ്യാതാക്കളുടെ കുപ്പായമണിയുന്നതും ബൈബിളിലെ ദുര്‍ഗ്രഹവും സങ്കീര്‍ണ്ണവുമായ ഭാഗങ്ങള്‍ പോലും സ്വന്തം ചിന്തകളും സങ്കല്‍പ്പങ്ങളും അനുസരിച്ച്‌ വ്യാഖ്യാനിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ട്‌ പലരേയും വഴിതെറ്റിപ്പിക്കുന്നത്‌.

ബൈബിള്‍ രൂപവത്‌കരണം

ബൈബിളിലെ ദൈവവചനങ്ങള്‍ എഴുതപ്പെടുന്നതിനുമുന്‍പ്‌ വമൊഴിയായിട്ടാണ്‌ നിലവിലിരുന്നത്‌.പിന്നീട്‌ അവ ലിഖിതരൂപത്തിലായി.പപ്പീറസ്‌ എന്നറിയപ്പെടുന്ന കടലാസില്‍ എഴുതപ്പെട്ട ബൈബിള്‍ പുസ്തകങ്ങളുടെ ഭാഗങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്‌. പപ്പിറസ്‌ ചെടിയുടെ തണ്ടുകള്‍ സംസ്കരിച്ച്‌ രൂപപ്പെടുത്തുന്നതാണ്‌ പപ്പീറസ്‌.നൈല്‍ നദിയുടെ തീരങ്ങളില്‍ വളര്‍ന്നിരുന്നതും മുള വിഭാഗത്തില്‍ പെടുന്നതുമായ ഒരു ജല സസ്യമാണ്‌ പപ്പീറസ്‌.നാലഞ്ചു മീറ്റര്‍ ഉയരത്തിലും 20cm വണ്ണത്തിലും വളര്‍ന്നിരുന്ന പപ്പീറസിന്റെ തണ്ടുകള്‍ കനം കുറഞ്ഞ പാളികളാക്കി കീറി,തലങ്ങനേയും വിലങ്ങനേയും പാകി,ഉണക്കി വേണ്ടത്ര വലുപ്പത്തില്‍ മുറിച്ചെടുത്താണ്‌ കടലാസുകള്‍ ഉണ്ടാക്കിയിരുന്നത്‌.പാളികളെ യോജിപ്പിക്കാന്‍ പ്രത്യേകതരം പശയോ ചുണ്ണാമ്പോ ഉപയോഗിച്ചുരുന്നത്രേ.പ്രതലം മിനുസപ്പെടുത്താന്‍ ഉരച്ചുപാകപ്പെടുത്തുകയും ചെയ്യണമായിരുന്നു.
ബി.സി 500-ഓടുകൂടി പുതിയ ഒരുതരം എഴുത്തുകടലാസ്‌ കണ്ടുപിടിച്ചു-മൃഗങ്ങളുടെ ചര്‍മ്മം.യഹൂദ സിനഗോഗുകളില്‍ പരസ്യപാരായണത്തിനായി ഉപയോഗിച്ചിരുന്നത്‌ പാപ്പിറസിലോ തോല്‍കടലാസിലോ എഴുതി ചുരുട്ടി സൂക്ഷിക്കുന്ന ചുരുളുകളില്‍ നിന്നായിരുന്നു.(ഇപ്പോഴും അങ്ങനെതന്നെയാണെന്ന് കേട്ടിട്ടുണ്ട്‌.)ചുരുള്‍ ഒരു ദണ്ഡിലോ ചുരുളിന്റെ രണ്ടറ്റത്തുമുള്ള ഈരണ്ട്‌ ദണ്ഡിലോ ചുറ്റിയാണ്‌ സൂക്ഷിക്കുക.ഓരോ പുസ്തകവും ഒരോ ചുരുള്‍ ആയിരിക്കും.ഇവ മുറിച്ചുമടക്കി കുത്തിക്കെട്ടി പ്രായോഗിക്കവശ്യത്തിനായി എളുപ്പത്തില്‍ ഉപയോഗിച്ചു തുടങ്ങി.മാത്രമല്ല ഇവയുടെ ഇരുപുറവും എഴുതാനും കഴിയും എന്ന് അവര്‍ മനസിലാക്കി.ഇതാണ്‌ ആദ്യത്തെ പുസ്തകങ്ങള്‍,അവക്ക്‌ കോഡെക്‍സ്‌(Codex)എന്ന് പേര്‌.
പാപ്പിറസ്‌ താളുകളില്‍ എഴുതി ചുരുളുകളായി സൂക്ഷിക്കുന്ന ഒരു ഗ്രന്ഥത്തെ ഗ്രീക്കു ഭാഷയില്‍ ബിബ്ലോസ്‌ (Biblos)എന്ന് വിളിച്ച്‌ തുടങ്ങി.പിന്നീട്‌ തുകില്‍ ചുരുളിനും കോഡെക്‍സിനും ഈ പേര്‌ നല്‍കപ്പെട്ടു.ഇതിന്റെ ബഹുവചനമായ ബിബ്ലിയ (Biblia) എന്ന പദത്തില്‍നിന്നാണ്‌ ബൈബിള്‍ എന്ന പേര്‌ ആധുനിക ഭാഷയിലുണ്ടായത്‌.

പാപ്പിറസിലും തോല്‍കടലാസിലും അന്ന് എഴുതിയിരുന്നത്‌ പപ്പീറസ്‌ തണ്ടിന്‍ കഷണം കൂര്‍പ്പിച്ചു ഉണ്ടാക്കുന്ന എഴുത്തുകോല്‍ കൊണ്ടായിരുന്നു.ലോഹം, മരക്കഷണം എന്നിവകൊണ്ടുള്ള എഴുത്താണികളും അന്ന് ഉപയോഗിച്ചിരുന്നു.ഉളിയും കൊട്ടുവടിയും കൊണ്ട്‌ അക്ഷരങ്ങള്‍ കൊത്തിവെയ്ക്കുകയും ചെയ്തിരുന്നു.പിന്നീട്‌ ഈജിപ്തുകാര്‍ ഒരിനം മഷി കണ്ടുപിടിച്ചു.പാത്രങ്ങളില്‍നിന്നും വിളക്കുകളില്‍ നിന്നുമുള്ള കരിയും ഒരു പ്രത്യേകതരം പശയും കൂട്ടിചേര്‍ത്താണ്‌ അവര്‍ മഷി ഉണ്ടാക്കിയത്‌.
പുരാതനകാലത്ത്‌ ചുരുളുകളിലും കോഡക്‍സുകളിലുമായി എഴുതിയിരുന്ന കയ്യെഴുത്തുപ്രതികള്‍ ബൈബിള്‍ കൈമാറ്റത്തിലെ നാഴികകല്ലുകളാണ്‌.ഹീബ്രു ഭാഷയില്‍ സ്വരചിഹ്നങ്ങളോ മറ്റ്‌ വ്യാകരണ ചിഹ്നങ്ങളോ ഇല്ലായിരുന്നു.ഗ്രീക്കു കയ്യെഴുത്തുപ്രതികളിലാവട്ടെ വാക്കുകള്‍ക്കിടയില്‍ സ്ഥലം വിടാതെ തുടര്‍ച്ചയായി വലിയ അക്ഷരത്തിലാണ്‌ എഴുതിയിരുന്നത്‌.ഈ കാര്യങ്ങള്‍ വായനയുടെ ബുദ്ധിമുട്ട്‌ വര്‍ദ്ധിപ്പിച്ചു.ചെറിയ അക്ഷരങ്ങള്‍ ഉപയോഗിച്ച്‌ വാക്കുകള്‍ അകത്തിയെഴുതുന്ന രീതി എ.ഡി ഒന്‍പതാം നൂറ്റാണ്ടിലാണ്‌ ആരംഭിച്ചത്‌.
ബൈബിള്‍ പുസ്തകങ്ങള്‍ പകര്‍ത്താന്‍ ജീവിതകാലം മുഴുവന്‍ ഉഴിഞ്ഞുവെച്ച ആളുകളുമുണ്ട്‌.വിജ്ഞാനവും ദൈവ ഭയവുമുള്ള ആളുകള്‍ വേണം ഈ ജോലിക്കെന്ന് യഹൂദര്‍ തീരുമാനിച്ചു.കാലക്രമേണ അവര്‍ വേദപുസ്തകം വ്യഖ്യാനിക്കാന്‍ പോലും കഴിവുള്ള നിയമജ്ഞരായി മാറി.
കയ്യെഴുത്തുപ്രതികള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ട്‌.കാരണം ഓരോപ്രതിയും ഓരോ എഴുത്തുകാരന്‍ എഴുതിയുണ്ടാക്കിയതാണല്ലോ മൂലപാഠത്തില്‍ നോക്കിയോ മൂലപാഠം വായിച്ചുകേട്ടോ ആണ്‌ പുതിയ പ്രതി എഴുതുന്നത്‌.ഹീബ്രു അക്ഷരമാലയിലെ വിവിധ അക്ഷരങ്ങള്‍ തമ്മില്‍ സാമ്യമുള്ളതുകൊണ്ട്‌ എഴുത്തുകാര്‍ പകര്‍ത്തുമ്പോള്‍ തെറ്റുപറ്റാന്‍ സാധ്യതയുണ്ട്‌.വാക്കുകളില്‍ തന്നെയുള്ള അക്ഷരങ്ങളുടെ സ്ഥലം മാറ്റം,വാക്യങ്ങളില്‍ വാക്കുകള്‍ മുറിക്കുമ്പോഴുള്ള പിശകുകള്‍,അക്ഷരങ്ങളുടേയോ അക്കങ്ങളുടെയോ ആവര്‍ത്തനം,അക്ഷരങ്ങളോ വാക്കുകളൊ വിട്ടുപോകുന്നത്‌,തെറ്റായ സ്വരവ്യാകരണ ചിഹ്നങ്ങള്‍ ചേര്‍ക്കുന്നത്‌,തെറ്റിദ്ധാരണയുടെ ഫലമായി ഒരു വരിതന്നെ വിട്ടു പോകുന്നത്‌,എഴുത്തുകാര്‍ സ്വമേധയാ വരുത്തുന്ന മാറ്റങ്ങള്‍(കൂടുതല്‍ ഉചിതമെന്ന് തോന്നുന്ന പദങ്ങള്‍ ചേര്‍ക്കുന്നതും വിശദീകരിക്കുന്നതും മറ്റും)എന്നിങ്ങനെ കയ്യെഴുത്തുപ്രതികളില്‍ വരാവുന്ന തെറ്റുകള്‍ നിരവധിയാണ്‌.ഈ തെറ്റുകള്‍ ഒഴിവാക്കി മൂലഗ്രന്ഥത്തോട്‌ പരമാവധി വിശ്വസ്തത പുലര്‍ത്തികൊണ്ട്‌ പുനരാവിഷ്കരിക്കാനുള്ള ശ്രമത്തിന്‌ പാഠനിരൂപണം എന്നാണ്‌ പേര്‌.കയ്യെഴുത്തുപ്രതികളുടെ താരതമ്യ പഠനം കൊണ്ടുമാത്രമേ ഇതു വിജയിക്കുകയുള്ളു.
കയ്യെഴുത്തുപ്രതികളുടെ ബാഹുല്യവും അവ ഉള്‍ക്കൊള്ളുന്ന വ്യത്യാസങ്ങളും മൂലം മൂലഗ്രന്ഥത്തിലെത്തിചേരുക അത്ര എളുപ്പമല്ല.ഇവയെല്ലാം സൂഷ്‌മമായി പഠിച്ചും പരിശോധിച്ചും വിലയിരുത്തിയുമാണ്‌ ഇന്ന് നിലവിലുള്ള ബൈബിള്‍ നിര്‍ണ്ണയിച്ചിരിക്കുന്നത്‌.
ബൈബിളിനെപ്പോലെ കയ്യെഴുത്തുപ്രതികള്‍ സുലഭമായുള്ള മത ഗ്രന്ഥങ്ങളോ പുരാതന കൃതികളോ ഇല്ലെന്നു പറയാം.എണ്ണത്തില്‍ മാത്രമല്ല പഴക്കത്തില്‍ മൂലകൃതിയോട്‌ അടുത്തുനില്‍ക്കുന്നകാര്യത്തിലും അവ മറ്റുള്ളവയെക്കാള്‍ വളരെ മുന്‍പിലാണ്‌.