Monday, October 15, 2007

മറിയം യേശുവിന്റെ അമ്മ

നിത്യ വിശുദ്ധയാം കന്യാമറിയമെ
നിന്‍ നാമം വാഴ്‌ത്തപ്പെടട്ടേ...
നന്മ
നിറഞ്ഞ നിന്‍.............
റേഡിയോയില്‍ നിന്ന് ഉയരുന്ന ഭക്തിഗാനത്തില്‍ ലയിച്ച്‌
സ്വയം മറന്ന് ഇരിക്കുകയാണ്‌ ചാക്കോമാഷ്‌.അപൂര്‍വ്വമായേ ഇത്തരം പഴയ ഗാനങ്ങള്‍
റേഡിയോയില്‍ വരാറുള്ളു.മനസിനെ സ്വര്‍ഗ്ഗീയ ആനന്ദത്തില്‍ കൊണ്ടുചെന്നെത്തിക്കുന്ന
ഇത്തരം വരികള്‍ പഴയ ഭക്തിഗാനങ്ങളിലേയുള്ളു,മറിയത്തെ പ്രകീര്‍ത്തിക്കുന്ന ഗാനത്തില്‍
ലയിച്ച മാഷിന്റെ മനസ്സ്‌ ഭക്തിസാന്ദ്രമായി.
നാട്ടിലെ ഏതാവശ്യത്തിനും
ആശ്രയിക്കാവുന്ന മനുഷ്യന്‍,കറകളഞ്ഞ മനുഷ്യസ്നേഹി,നീണ്ടകാലത്തെ
അദ്ധാപനപുണ്യംകൈമുതലായുള്ള ആള്‍,വലിയ ശിഷ്യസമ്പത്തില്‍
അനുഗ്രഹിക്കപ്പെട്ടവന്‍,ഇപ്പോള്‍ മതബോധന രംഗത്ത്‌ സജീവമായി
പ്രവര്‍ത്തിക്കുന്നു,ചാക്കോമഷിന്റെ വിശേഷണങ്ങള്‍ നീണ്ടുപോകുന്നു.
മ്മ് മ്മ് ...
ഒരു മുരടനക്കം കേട്ട്‌ ചാക്കോമാഷ്‌ മുറ്റത്തേക്ക്‌ നോക്കി-ഏലിയാമ്മ ചേടത്തി.മുഖം
കണ്ടാലേ അറിയാം എന്തോ ധര്‍മ്മസങ്കടത്തിലാണ്‌ ആള്‍.ശുദ്ധഗതിക്കാരിയായ ഏലിയാമ്മ
ചേടത്തി ആ നാട്ടിലെ എല്ലാവര്‍ക്കും ഇഷ്ടകഥാപാത്രമാണ്‌.പണ്ട്‌ ഭര്‍ത്താവായ
കറിയാച്ചന്റെ കൂടെ ഈ നാട്ടിലെത്തിയതും കാടിനോടും കാട്ടുമൃഗങ്ങളോടും രോഗങ്ങളോടും
പോരാടി കഷ്ടപ്പെട്ടതുമെല്ലാം പറയാന്‍ ഏലിയാമ്മചേടത്തിക്ക്‌ ആവേശമാണ്‌.കറിയാച്ചന്‍
പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ മരിച്ചെങ്കിലും ഭര്‍ത്താവിന്റെ ഓര്‍മ്മയില്‍
ഇന്നും ഏലിയമ്മചേടത്തി അഭിമാനം കൊള്ളും.
"എന്താ ചേടത്തീ...പശുവോ മറ്റോ
കയറഴിഞ്ഞു പോയോ?..വലിയ സങ്കടത്തിലാണല്ലോ..?"
ചാക്കോചേട്ടന്‍ പകുതികാര്യമായും
പകുതി തമാശയായും ചോദിച്ചു.
"അല്ല മാഷേ ഞാന്‍ കേട്ടത്‌ സത്യമാണോ?" ഏലിയാമ്മ
ചേടത്തി തുടക്കമിട്ടു.
"അതിന്‌ ചേടത്തി എന്താ കേട്ടതെന്നു
പറഞ്ഞില്ലല്ലോ..?"
"എന്തുപറയാനാ,ഇത്‌ അറിഞ്ഞപ്പോള്‍ മുതല്‍ എനിക്ക്‌ ഒരു
സമാധാനവുമില്ല;ഇത്രയും നാള്‍ വിശ്വസിച്ചിരുന്നതൊക്കെ
തെറ്റാണെന്നുവന്നാല്‍...."
"ഓ..പ്രശനം വിശ്വാസത്തിനേറ്റ
തിരിച്ചടിയാണ്‌.പരിഹരിക്കാന്‍ പറ്റുന്ന പ്രശനംതന്നെ.ചേടത്തി കാര്യം പറ"
മാഷ്‌
കസേരയില്‍ ഒന്ന് ഇളകിരുന്നു.ഏലിയാമ്മ ചേടത്തി ഉമ്മറത്ത്‌
നിലത്തും.ഏലിയാമ്മചേടത്തിയുടെ സ്ഥിരം ഇരിപ്പിടമാണത്‌.
"മഷേ,മറിയം യേശുവിന്റെ
അമ്മയല്ലെ?"
മരിയന്‍ ഭക്തിക്കരിയായ ഏലിയാമ്മ ചേടത്തി കരയുന്നതുപോലെയാണ്‌ ഇത്‌
ചോദിച്ചത്‌.
"ഇന്നലെവരെ ദിവസം രണ്ട്‌ നേരവും ജപമാല ചൊല്ലുന്ന ചേടത്തിക്ക്‌
ഇതെന്താ ഒരു പുതിയ ബോധോദയം?"
ചേടത്തി സംഭവം വിവരിക്കാന്‍ ഒരുങ്ങി.
പെട്ടന്ന്
മുറ്റത്ത്‌ ഒരുകാല്‍പെരുമാറ്റം.
"അല്ലാ..! ഇതാര്‌ രഘവനോ കയറിവാ..."
ആഗതനെ
നോക്കി മാഷ്‌ പറഞ്ഞു.
"നിങ്ങള്‍ രണ്ടുപേരും ഒത്തുചേര്‍ന്നാല്‍ എന്തെങ്കിലും
കാര്യമായ ചര്‍ച്ചയുണ്ടാവും എന്നറിയാവുന്നതുകോണ്ട്‌ വന്നതാ.."
"നന്നായി
സ്വാഗതം"
മാഷ്‌ സന്തോഷത്തോടെ രാഘവനെ ക്ഷണിച്ചു.
രാഘവന്‍-ചാക്കോമാഷിനേപ്പോലെ
ജീവിതസായാഹ്‌നത്തില്‍ എത്തിനില്‍ക്കുന്ന ആള്‍,നീണ്ടകാലം പട്ടാളക്കാരനായി രാജ്യത്തെ
സേവിച്ച ശേഷം ഇപ്പോള്‍ അത്യാവശ്യം പോതുപ്രവര്‍ത്തനങ്ങളോക്കെയായി
ജീവിക്കുന്നു.ജനസമ്മതന്‍,തന്റെ മതത്തെക്കുറിച്ച്‌ പഠിക്കുകയും അതനുസ്സരിച്ച്‌
ജീവിക്കുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്ന ആള്‍,ഇനിയും യുവത്വം
വിട്ടുമാറാത്ത മനസും വാര്‍ധ്യക്യത്തിനു പിടികൊടുക്കാത്ത ശരീരവും.
"എന്താ
ഉണ്ടായത്‌?"
മാഷ്‌ ഏലിയാമ്മ ചേടത്തിയുടെ നേരെ തിരിഞ്ഞു.
"രാവിലെ മത്തായി
ഉപദേശി വീട്ടില്‍ വന്നു.ഭിത്തിയില്‍ ഫ്രെയിം ചെയ്ത്‌ വെച്ചിരിക്കുന്ന മറിയത്തിന്റെ
ഫോട്ടോകണ്ട്‌ ഉപദേശി പറയുവാ..മേരി യേശുവിന്റെ
അമ്മയല്ലന്ന്"
"അതെന്താ..."
രഘവന്‍ നായര്‍ ഇടക്കുകയറി
"ദൈവപുത്രനായ
യേശുവിന്‌ ഭൂമിയിലേക്ക്‌ വരാന്‍ ഒരു ചാലകം;അതിലുപരി മറിയത്തിന്‌ അവിടെ
പ്രസക്തിയില്ലപോലും,കോഴികുഞ്ഞുണ്ടായിക്കാഴിഞ്ഞാല്‍ മുട്ടത്തോടിന്‌ ഒരു
പ്രസക്തിയുമില്ലാത്തതുപോലെ"
"മുട്ടത്തോടു പോലെയാണോ പ്രസവിച്ച
അമ്മ?.."
രാഘവന്‍ നായര്‍ക്ക്‌ ദേഷ്യം വന്നു.
"ഇതാണോ കാര്യം? സാരമില്ല ഞാന്‍
പറഞ്ഞുതരാം.ബൈബിള്‍ ഒന്ന് എടുക്കട്ടെ"
ചാക്കോമാഷ്‌ അകത്തേക്കുപോയി പെട്ടന്ന്
ബൈബിളുമായി മടങ്ങി വന്നു.
"ആദ്യമായി ചോദിക്കട്ടേ..പരിശുദ്ധാത്മാവില്‍
ചേടത്തിക്ക്‌ വിശ്വാസമുണ്ടോ?"
"അതെന്തു ചോദ്യമാ മാഷെ;പിന്നെ
ഇല്ലതിരിക്കുമോ?
ദൈവത്തിന്റെതന്നെ ഭാഗമായ പരിശുദ്ധാത്മാവ്‌ കള്ളം
പറയുകയുമില്ലല്ലോ?"
ചാക്കോമാഷ്‌ വീണ്ടും ചോദിച്ചു
"ഒരിക്കലുമില്ല.."
ഏലിയാമ്മചേടത്തിയുടെ മറുപടി പെട്ടന്നായിരുന്നു.
"എങ്കില്‍ ലൂക്കായുടെ സുവിശേഷം
ഒന്നാം അധ്യായം 41 മുതല്‍ 45 വരെ വാക്യങ്ങള്‍ ഒന്നു
വായിച്ചേ.."(ലൂക്ക:1:41-45)
ചാക്കോമാഷ്‌ ബൈബിള്‍ ഏലിയാമ്മചേടത്തിയുടെ നേരേ
നീട്ടി.
ഭക്തിപൂര്‍വ്വം ബൈബിള്‍ വങ്ങിയ ഏലിയാമ്മ ചേടത്തി വായിക്കന്‍
ആരംഭിച്ചു.
"മറിയത്തിന്റെ അഭിവാദാനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു
കുതിച്ച്‌ ചാടി.എലിസബത്ത്‌ പരിശുദ്ധാത്മാവ്‌ നിറഞ്ഞവളായി.അവള്‍ ഉദ്‌ഘോഷിച്ചു:നീ
സ്ത്രീകളില്‍ അനുഗ്രഹീതയാണ്‌.നിന്റെ ഉദരഫലവും അനുഗ്രഹീതം.എന്റെ കര്‍ത്താവിന്റെ അമ്മ
എന്റെ അടുത്തുവരാനുള്ള ഈ ഭാഗ്യം എനിക്ക്‌ എവിടെനിന്ന്?ഇതാ നിന്റെ അഭിവാദന സ്വരം
എന്റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചു
ചാടി.കര്‍ത്താവ്‌ അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്നു വിശ്വസിച്ചവള്‍
ഭാഗ്യവതി"
മതിയെന്ന് മാഷ്‌ കൈകൊണ്ട്‌ ആഗ്യം കാണിച്ചു.ഏലിയാമ്മചേടത്തി ബൈബിള്‍
അടച്ച്‌ ചുംബിച്ചശേഷം ചാക്കോമാഷിന്‌ കൈമാറി.
മാഷ്‌ വിശദീകരിച്ചു
"തന്റെ
ചാര്‍ച്ചക്കരിയായിരുന്ന എലിസബത്തിനെ പരിചരിക്കാന്‍ മേരി ചെല്ലുന്നു.ഗര്‍ഭിണിയായ
എലിസബത്ത്‌ മറിയത്തെ ദൂരെനിന്ന് കാണുമ്പോഴേ പരിശുദ്ധാത്മാവിനാല്‍
നിറയുന്നു.എലിസബത്തിന്റെ ഉദരത്തിലുള്ള ശിശു സന്തോഷംകോണ്ട്‌
കുതിക്കുന്നു.പരിശുദ്ധാത്മാവില്‍ നിറഞ്ഞ എലിസബത്തില്‍ നിന്ന് സംസാരിക്കുന്നത്‌
പരിശുദ്ധാത്മാവാണ്‌ 'എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്ത്‌
വരാനുള്ള....'പരിശുദ്ധാത്മാവ്‌ തന്നെ മറിയത്തെ യേശുവിന്റെ അമ്മയായി സാക്ഷ്യം
നല്‍കുന്നു..."
മാഷ്‌ ഇത്‌ പറഞ്ഞ്‌ പൂര്‍ത്തിയാക്കുന്നതിനുമുന്‍പേ
ഏലിയാമ്മചേടത്തി സന്തോഷത്താല്‍ ചാടിയെഴുനേറ്റു.
"എന്റെ മാഷെ,മാഷെന്റെകണ്ണു
തുറപ്പിച്ചു..അമ്മേ മറിയമേ ..."
ഏലിയമ്മചേടത്തിയുടെ മനസ്‌
ഭക്തിസാന്ദ്രമായി.
മാഷ്‌ രഘവന്‍നായരോടായി പറഞ്ഞു.
"രാഘവാ...ഇനിയും
ഏലിയാമ്മചേടത്തിക്ക്‌ മനസിലായില്ലെങ്കില്‍ താന്‍ തന്റെ ഭാഷയില്‍ ഒന്ന്
വിവരിക്ക്‌"

"കോ ഭവാനിതിതം പ്രാഹ
സഹോവാചമുദാന്വിത:
ഈശ പുത്രം ച മാം
വിദ്ധി
കുമാരീ ഗര്‍ഭസംഭവം..
അഹം ഈശാമസീഹ നാമ:"

ഒന്നും മനസിലാകാതെ
ഏലിയാമ്മ ചേടത്തി രാഘവന്‍ നായരുടെ മുഖത്തേക്കു നോക്കി.രാഘവന്‍ നായര്‍
തുടര്‍ന്നു
"പേടിക്കേണ്ട ഇത്‌ ഭവിഷ്യമഹാപുരാണം പ്രതിസര്‍ഗ്ഗപര്‍വ്വം തൃതീയ
ഖണ്ഡം,രണ്ടാം അധ്യായം ശ്ലോകം-23 ആണ്‌ കാര്യമിതാണ്‌-ശകമഹാരാജാവ്‌ ചോദിച്ചു"അങ്ങ്‌
ആരാണ്‌?"സന്തോഷത്തോടെ ആ പുരുഷന്‍ പറഞ്ഞു "ഞാന്‍ ദൈവപുത്രനാണെന്നറിഞ്ഞാലും.ഒരു
കന്യകയുടെ ഗര്‍ഭത്തില്‍ ജനിച്ചവനുമാണ്‌.ഈശാമസീഹന്‍ എന്നാണ്‌ എന്റെ പ്രസിദ്ധമായ
നാമദേയം"

രാഘവന്‍ നായര്‍ ഇത്‌ പറഞ്ഞ്‌ നിറുത്തിയതും ഏലിയാമ്മ ചേടത്തിയുടെ
കണ്ണുകള്‍ നിറഞ്ഞിരുന്നു.അവര്‍ മനസില്‍ ചൊല്ലി "നന്മ നിറഞ്ഞ മറിയമെ ...."

4 comments:

ക്രിസ്‌വിന്‍ said...

ഇനിയും ചാക്കോ മാഷും രഘവന്‍ നായരും ഏലിയാമ്മ ചേടത്തിയും മത്തായി ഉപദേശിയും പല
ചിന്തകളുമായി നിങ്ങളെ കാണാന്‍ വരും;അഭിപ്രായവിമര്‍ശനങ്ങള്‍
പ്രതീക്ഷിക്കുന്നു..

ശ്രീ said...

സ്വാഗതം സുഹൃത്തേ...
:)

Murali K Menon said...

ചിന്തകള്‍ കൊള്ളാം. മുഷിയില്യ.

nabacker said...

nallath mathangale ishttamilla ennalum udyesa shudhy nallath