Monday, October 29, 2007

എന്താണ്‌ അന്ത്യകൂദാശ

"മാഷേ..എന്താമാഷേ ഇത്‌.ഇപ്പോള്‍ ഇതാണല്ലോ ദിവസവും പത്രവാര്‍ത്ത.സത്യത്തില്‍ എന്താണ്‌മാഷേ ഇതിന്റെ അന്തസത്ത?"
റോസാച്ചെടിക്ക്‌ വെള്ളം ഒഴിച്ചുകൊണ്ടിരുന്ന ചാക്കോമാഷ്‌ തല ഉയര്‍ത്തിനോക്കി.കൈയ്യില്‍ അന്നത്തെ ദിനപത്രവും പിടിച്ച്‌ ഏലിയാമ്മചേടത്തി സ്വതസിദ്ധമായ വേവലാതിയോടെ നില്‍ക്കുന്നു.
"എന്താ ചേടത്തി എവിടെയെങ്കിലും വിമാനം തകര്‍ന്നുവീണോ അതോ ഉരുള്‍ പൊട്ടിയോ?ആകെ ബേജാറിലാണല്ലോ?"
"തമാശ കള മാഷേ,എനിക്ക്‌ ഈ അന്ത്യകൂദാശയെക്കുറിച്ച്‌ ഒന്ന് വിവരിച്ച്‌ പറഞ്ഞു തരാമോ?.ഇപ്പോഴാണെങ്കില്‍ അന്ത്യകൂദാശാവിവാദം മാത്രമേ പത്രത്തിലുള്ളു.ഇതും യേശു സ്ഥപിച്ച കൂദാശയല്ലേ?ബൈബിളില്‍ എന്താണ്‌ ഇതിനെക്കുറിച്ച്‌ പറയുന്നത്‌?"
ചാക്കോമാഷ്‌ ചെടിനനച്ചുകൊണ്ടിരുന്ന പൈപ്പ്‌ ഓഫാക്കി.
"ഏതായാലും ചേടത്തി സമാധാനമായി ആ കസേരയില്‍ ഇരിക്ക്‌ ഞാന്‍ ഇപ്പോള്‍ വരാം"
ചാക്കോമാഷ്‌ അകത്തേക്ക്‌ പോയി ഒരു ബൈബിളുമായി മടങ്ങിവന്നു.പിന്നെ പറയാനാരംഭിച്ചു.

"ജീവിതാരംഭം മുതല്‍ ജീവിതാവസാനം വരെ മനുഷ്യജീവിതത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന ഒന്നാണല്ലോ രോഗാവസ്ഥ.അപ്പോഴാണ്‌ മനുഷ്യന്‍ തന്റെ ബലഹീനതയേയും പരിമിതികളേയും കുറിച്ച്‌ ബോധവാനാകുന്നത്‌.ഓരോരോഗവും മരണത്തെക്കുറിച്ചുള്ള ചിന്തകള്‍ മനുഷ്യനില്‍ കൊണ്ടുവരുന്നു.ചിലരെ ഇത്‌ നിരാശയിലേക്ക്‌ വഴിനടത്തുന്നു.എന്നാല്‍ ശുഭാപ്തി വിശ്വാസക്കാരായ ചിലര്‍ക്ക്‌ ദൈവത്തെ അന്വേഷിക്കുന്നതിന്‌ രോഗം പ്രേരകമാവുന്നു."
യേശുവിന്‌ മുന്‍പ്‌ രോഗത്തെ ദൈവശിക്ഷയായി ജനങ്ങള്‍ കരുതിയിരുന്നു.പാപങ്ങള്‍ ചെയ്തതുകൊണ്ടാണ്‌ രോഗം വന്നതെന്നും രോഗശമനം പാപമോചനമായും അവര്‍ കരുതിയിരുന്നു.
യേശു രോഗികളോട്‌ കാരുണ്യപൂര്‍വ്വമാണ്‌ ഇടപെട്ടതെന്നുമാത്രമല്ല അവരുടെ ദുരിതങ്ങള്‍ സ്വന്തമാക്കുകകൂടി ചെയ്തു.രോഗം സുഖപ്പെടുത്താന്‍ മാത്രമല്ല, പാപങ്ങള്‍ മോചിക്കാനുള്ള അധികാരവും യേശുവിനുണ്ടായിരുന്നു.(മര്‍ക്കോ 2:10) യേശു ഉത്ഥിതനായശേഷം ശിഷ്യന്മാരെ ഈ ചുമതല ഏല്‍പ്പിച്ചു."അവര്‍ രോഗികളുടെമേല്‍ കൈകള്‍വെയ്ക്കും;അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും"(മര്‍ക്കോ 16:18) "രോഗികളെ സുഖപ്പെടുത്തുവിന്‍" എന്ന ദൗത്യം യേശുവില്‍നിന്ന് (മത്താ 10:8) സഭ സ്വീകരിച്ചു. അത്‌ എങ്ങനെ വേണമെന്ന് വി.യാക്കോബ്‌ വ്യക്തമാക്കുന്നുണ്ട്‌."നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ ശ്രേഷ്‌ഠന്മാരെ വിളിക്കട്ടെ.അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അവനെ തൈലാഭിഷേകം ചെയ്ത്‌ അവനുവേണ്ടി പ്രാര്‍ഥിക്കട്ടെ.വിശ്വാസത്തോടുകൂടിയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും.കര്‍ത്താവ്‌ അവനെ എഴുന്നേല്‍പ്പിക്കും.അവന്‍ പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവന്‌ മാപ്പ്‌ നല്‍കും."(യാക്കോ 5:14) അപ്പസ്തോലന്മാരുടെ പിന്തുടര്‍ച്ചയായി വന്ന ഈ പാരമ്പര്യം കത്തോലിക്ക സഭ ഒരു കൂദാശയായി ഇന്നും അനുഷ്‌ഠിക്കുന്നു.ഇതാണ്‌ രോഗീലേപനം എന്ന പേരില്‍ അറിയപ്പെടുന്നത്‌."
"അപ്പോള്‍ അന്ത്യകൂദാശയോ"
ഏലിയാമ്മചേടത്തിക്ക്‌ സംശയം അടക്കാനായില്ല
മാഷ്‌ ഉത്തരമായി തുടര്‍ന്നു

"രോഗീലേപനം മരണത്തിനോട്‌ അടുത്തവര്‍ക്ക്‌ മാത്രം നല്‍കുന്ന രീതി കാലക്രമേണ പ്രബലപ്പെട്ടു.അതിനാല്‍ ഇത്‌ അന്ത്യകൂദാശ എന്നും അറിയപ്പെട്ടു.(ഒടുവിലത്തെ ഒപ്രുശുമ)"
"ഗൗരവമുള്ള രോഗത്തിന്റെയോ വാര്‍ധക്യത്തിന്റെയോ കാരണത്താല്‍ പ്രയാസങ്ങളനുഭവിക്കുന്ന ക്രൈസ്തവന്‌ അതിവിശേഷമായ ഒരു കൃപാവരം നല്‍കുക എന്നതാണ്‌ രോഗീലേപനം എന്ന കൂദാശയുടെ ലക്ഷ്യം."

"രോഗീലേപനം മരണനിമിഷത്തില്‍ എത്തിയവര്‍ക്ക്‌ മാത്രമുള്ള ഒരു കൂദാശയല്ല;രോഗത്താലോ പ്രായത്താലോ മരിക്കത്തക്ക സാഹചര്യത്തിലെത്തിയവര്‍ക്ക്‌ ഈ കൂദാശ സ്വീകരിക്കവുന്നതാണ്‌.ഈ ലേപനം സ്വീകരിച്ച ഒരു രോഗി ആരോഗ്യം വീണ്ടെടുക്കുകയും പിന്നീട്‌ മറ്റൊരു രോഗത്താല്‍ അയാള്‍ വീണ്ടും മരിക്കത്തക്ക സാഹചര്യത്തിലായാല്‍ ഈ കൂദാശ വീണ്ടും സ്വീകരിക്കാം.ഒരേ രോഗത്തില്‍ത്തന്നെ രോഗിയുടെ അവസ്ഥ ഗുരുതരമായാല്‍ ഈ കൂദാശ വീണ്ടും സ്വീകരിക്കാം."
"ഇത്‌ കൊടുക്കാന്‍ ആര്‍ക്കോക്കെ അധികാരമുണ്ട്‌?"
ഏലിയാമ്മ ചേടത്തി ചോദിച്ചു
ചാക്കോമാഷ്‌ മറുപടിയായി തുടര്‍ന്നു
"പുരോഹിതന്മാര്‍ക്ക്‌(മെത്രാന്മാരും വൈദികരും) മാത്രമാണ്‌ രോഗീലേപനം നല്‍കാന്‍ അധികാരമുള്ളത്‌.മെത്രാന്‍ ആശീര്‍വദിച്ച തൈലം കൊണ്ടാണ്‌ ലേപനം നടത്തുന്നത്‌.പ്രത്യേക സാഹചര്യത്തില്‍ കാര്‍മ്മികനായ വൈദികനും അത്‌ ആശീര്‍വദിക്കാം.ഈ ലേപനം രോഗിയുടെ നെറ്റിയിലും കൈകളിലും പുരട്ടി "വിശുദ്ധമായ ഈ അഭിഷേകത്തിലൂടെ കര്‍ത്താവ്‌ തന്റെ കാരുണ്യത്തിലും സ്നേഹത്തിലും പരിശുദ്ധാത്മാവിന്റെ കൃപാവരത്താല്‍ നിന്നെ സഹായിക്കട്ടെ.അവിടുന്ന് നിന്നെ പാപത്തില്‍നിന്ന് മോചിപ്പിച്ച്‌ രക്ഷിക്കുകയും എഴുന്നേല്‍പ്പിക്കുകയും ചെയ്യട്ടെ."എന്ന് കാര്‍മ്മികന്‍ ഒരുപ്രാവശ്യം മാത്രം ചൊല്ലുന്നു."
"ഈ കൂദാശ വീട്ടില്‍ വെച്ചോ ആശുപത്രിയില്‍ വെച്ചോ ദേവാലയത്തില്‍ വെച്ചോ കുര്‍ബാനയുടെ ഇടയില്‍ വെച്ചോ നടത്താം.സാഹചര്യം അനുകൂലമായിരുന്നാല്‍ ഈ കൂദാശക്കുമുന്‍പ്‌ കുമ്പസാരവും ഇതിനു ശേഷം ദിവ്യകാരുണ്യ സ്വീകരണവും നടത്താം."
"ഇനി ഈ കൂദാശ സ്വീകരിച്ചാലുണ്ടാവുന്ന
ഫലങ്ങളെ ക്കുറിച്ച്‌ പറയാം"
ചാക്കോമാഷ്‌ തുടര്‍ന്നു.
"രോഗിയെ, രോഗിയുടെതന്നെയും സഭമുഴുവന്റേയും പ്രയോജനത്തിനായി ക്രിസ്തുവിന്റെ പീഡാസഹനത്തോട്‌ ഐക്യപ്പെടുത്തുന്നു.രോഗത്തിന്റേയോ വാര്‍ദ്ധക്യത്തിന്റെയോ സഹനങ്ങളെ ക്രൈസ്തവമായ രീതിയില്‍ നേരിടുവാനുള്ള ബലപ്പെടുത്തലും സമാധാനവും ധീരതയും ഈ കൂദാശയിലൂടെ ലഭിക്കുന്നു.രോഗിക്ക്‌ കുമ്പസാരത്തിലൂടെ പാപമോചനം നേടാന്‍ സാധിച്ചിട്ടില്ല എങ്കില്‍ പാപങ്ങളുടെ മോചനവും രോഗീലേപനത്തിലൂടെ ലഭിക്കുന്നു.രോഗിയുടെ ആത്മരക്ഷക്കുതകുന്നപക്ഷം ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുന്നു.നിത്യജീവനിലേക്ക്‌ കടന്നുപോകുന്നതിനുള്ള ഒരുക്കമാണ്‌ രോഗീലേപനം"
ചാക്കോമാഷ്‌ പറഞ്ഞ്‌ നിറുത്തി.

Monday, October 22, 2007

കത്തോലിക്കാ ബൈബിളിന്റെ വ്യത്യാസം

ഇന്ന് ഒരു പുതിയ ചോദ്യവുമായാണ്‌ രാഘവന്‍ നായര്‍ വന്നത്‌
"അല്ല മാഷേ,.എന്താ ഈ കാനോനികഗ്രന്ഥങ്ങള്‍?.കത്തോലിക്കരുടെ ബൈബിളും മറ്റ്‌ ക്രിസ്തീയ വിഭാഗത്തിലുള്ളവരുടെ ബൈബിളും തമ്മില്‍ വ്യത്യാസമുണ്ടോ?"
"പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്‌ ഇത്‌. ആദ്യം ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം"

"ദൈവദത്തമായ പ്രബോധനാധികാരം ഉപയോഗിച്ച്‌ വിശ്വാസികളുടെ സമൂഹത്തിന്‌ നേതൃത്വം നല്‍കുന്നവര്‍ പ്രാമാണികമായി അംഗീകരിക്കുന്ന ഗ്രന്ഥത്തെ കാനോനിക ഗ്രന്ഥമെന്ന്‌ വിളിക്കുന്നു.'മാനദണ്‌ഡം' എന്നാണ്‌ കാനന്‍ എന്ന വാക്കിനര്‍ത്ഥം.ക്രി.വ. 80 -100-ല്‍ നടന്ന യാമ്‌നിയ സമ്മേളനത്തില്‍ വെച്ചാണ്‌ യഹൂദനേതാക്കന്മാര്‍ അവരുടെ കാനോനിക ഗ്രന്ഥങ്ങള്‍ നിര്‍ണയിച്ചത്‌."
ചാക്കോമഷ്‌ തുടര്‍ന്നു
"ഇനി അടുത്ത ചോദ്യത്തിനുള്ള ഉത്തരം: യാമ്‌നിയ സമ്മേളനത്തില്‍ വെച്ചാണ്‌ യഹൂദനേതാക്കന്മാര്‍ അവരുടെ കാനോനിക ഗ്രന്ഥങ്ങള്‍ നിര്‍ണയിച്ചത്‌ എന്ന് പറഞ്ഞല്ലൊ?അന്ന് ഹെബ്രായ ഭാഷയിലുണ്ടായിരുന്ന ബൈബിള്‍ഗ്രന്ഥങ്ങള്‍ മാത്രമേ പ്രാമാണികമായി അവര്‍ സ്വീകരിച്ചുള്ളു.ഗ്രീക്ക്‌ ഭാഷയിലുള്ളതും യേശുവിന്റെ സംസാരഭാഷയായ അരമായഭാഷയിലുള്ളതും പല യഹൂദസമൂഹങ്ങളും ബൈബിളിന്റെ ഭാഗമായി സ്വീകരിച്ചിരുന്നതുമായ മറ്റുഗ്രന്ഥങ്ങളും അവര്‍ അപ്രമാണികമായി തള്ളി.കത്തോലിക്കര്‍ ഒഴികയുള്ള ക്രൈസ്തവ സമൂഹങ്ങള്‍ യഹൂദനിലപാടാണ്‌ സ്വീകരിച്ചിരുന്നത്‌.അതാണ്‌ താന്‍ പറഞ്ഞ വ്യത്യാസത്തിന്‌ കാരണം"
"ഏതൊക്കെയാണാ പുസ്തകങ്ങള്‍?"
രാഘവന്‍ നായരുടെ അടുത്ത ചോദ്യം
മാഷ്‌ വിശദ്ധീകരിക്കാന്‍ തുടങ്ങി
"യഹൂദരുടെ കാനോനിക ഗ്രന്ഥങ്ങള്‍ക്ക്‌ പുറമേ'ഉത്തര കാനോനിക ഗ്രന്ഥങ്ങള്‍ എന്ന് അറിയപ്പെടുന്ന തോബിത്‌,യൂദിത്ത്‌,ജ്ഞാനം,പ്രഭാഷകന്‍,ബാറൂക്ക്‌,1,2 മക്കബായര്‍,ദാനിയേലിന്റെ 3,24-90;13-14 ഭാഗങ്ങള്‍,എസ്തേര്‍ 11-16 എന്നിവകൂടി പ്രമാണികമാക്കി ത്രെന്തോസ്‌ സുനഹദോസ്‌ തീര്‍പ്പ്‌ കല്‍പ്പിച്ചു.അങ്ങനെ പഴയനിയമത്തില്‍ നാല്‍പത്തിയഞ്ചും പുതിയനിയമത്തില്‍ ഇരുപത്തിയേഴും ഗ്രന്ഥങ്ങള്‍ കാനോനികമായി കത്തോലിക്കാസഭ അംഗീകരിച്ചു."
"അപ്പോള്‍ എഴുപത്തിരണ്ടല്ലേ ആയുള്ളു.ഒന്നോ?"
രാഘവന്‍ നായരുടെ ചോദ്യം പെട്ടന്നായിരുന്നു
"ജറമിയായുടെ ഭാഗമായി കരുതിപ്പോന്ന വിലാപങ്ങള്‍ ഒരു വ്യത്യസ്തഗ്രന്ഥമായി എണ്ണപ്പെട്ടു.അങ്ങനെ ബൈബിളില്‍ മൊത്തം എഴുപത്തിമൂന്ന് ഗ്രന്ഥങ്ങള്‍ ഉണ്ട്‌."
ചാക്കോമാഷ്‌ പറഞ്ഞു നിറുത്തി.

Thursday, October 18, 2007

ബൈബിളിന്‌ ആ പേര്‌ വന്നത്‌

വൈകുന്നേരങ്ങളിലുള്ള പതിവ്‌ നടത്തം
രാഘവന്‍നായരും ചാക്കോമാഷും കഴിയുന്നെടുത്തോളം ഒഴിവാകാറില്ല.തങ്ങളുടെ ആരോഗ്യത്തിന്റെ
രഹസ്യമതാണെന്ന് അവര്‍ പലപ്പോഴും പറയാറുണ്ട്‌.ആ നടത്തത്തില്‍ അവര്‍ക്ക്‌ ചര്‍ച്ച
ചെയ്യാന്‍ പലവിഷയങ്ങളും ഉണ്ടാവാറുണ്ട്‌.ഇന്ന് പുതിയ ഒരു ചോദ്യവുമായാണ്‌
രാഘവന്‍നായര്‍ എത്തിയത്‌.


"മാഷേ, ബൈബിളിന്‌ ആ പേരു വരാനുള്ള
കാര്യമെന്താ?" രാഘവന്‍ നായര്‍ ചോദിച്ചു
"നല്ല ചോദ്യം;അതിനുമുന്‍പ്‌ തന്നോട്‌
ഞാന്‍ ഒന്ന് ചോദിക്കട്ടെ;ഇന്ന് ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള ഗ്രന്‌ഥം ഏതാണെന്ന്
പറയാമോ?"
"പിന്നെന്താ,ബൈബിളല്ലേ?മാത്രമല്ല,ആദ്യമായി അച്ചടിച്ചതും ഏറ്റവും
കൂടുതല്‍ ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടഗ്രന്ഥവും ബൈബിള്‍ തന്നെ" രാഘവന്‍
പറഞ്ഞു.
"ശരിതന്നെ,ഒരു മതഗ്രന്ഥമെന്നതിലുപരി മനുഷ്യന്റെ രക്ഷക്കായി ദൈവം നല്‍കിയ
വചനങ്ങളുടെ സമാഹാരമാണ്‌ ബൈബിള്‍"
ചാക്കോമാഷ്‌ തുടര്‍ന്നു.
"ബൈബിളിനെ രണ്ടായി
തരം തിരിച്ചിരിക്കുന്നു.ഒന്ന്- പഴയനിയമം,രണ്ട്‌- പുതിയനിയമം.ദൈവപുത്രനായ യേശുവിന്റെ
ജനനത്തിനുമുന്‍പുള്ള കാര്യങ്ങള്‍ പഴയനിയമത്തിലും യേശുവിന്റെ ജനനവും
അതിനുശേഷവുമുള്ളവ പുതിയനിയമത്തിലും വിവരിക്കുന്നു.ബൈബിള്‍ 73 ഗ്രന്ഥങ്ങളുടെ ഒരു
സമാഹാരമാണ്‌.പഴയനിയമത്തില്‍ 46 പുസ്തകങ്ങളും പുതിയനിയമത്തില്‍ 27 പുസ്തകങ്ങളും
ഉണ്ട്‌"
"ബി.സി.1250 മുതല്‍ ബി.സി 50 വരെയാണ്‌ പഴയനിയമ രചനാകാലം.പുതിയനിയമ
ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത്‌ എ.ഡി 50-നും 140-നും മധ്യേയാണ്‌.ബൈബിളിലെ ദൈവവചനം
എഴുതപ്പെടുന്നതിനും മുന്‍പ്‌ വായ്‌മൊഴിയായിട്ടാണ്‌ നിലനിന്നിരുന്നത്‌.പിന്നെ
ലിഖിതരൂപത്തിലുമായി.അന്ന് ബൈബിള്‍ ആലേഖനം ചെയ്യപ്പെട്ടിരുന്നത്‌ കടലാസിന്റെ
ആദ്യകാലരൂപമായിരുന്ന പപ്പീറസിലോ തുകലിലോ ആയിരുന്നു.പപ്പീറസ്‌ എന്ന ചെടിയുടെ തണ്ട്‌
ചതച്ച്‌ രൂപപ്പെടുത്തിയെടുക്കുന്നതായിരുന്നു പപ്പീറസ്‌ എന്ന് അറിയപ്പെട്ടിരുന്ന
കടലാസ്‌.ഇങ്ങനെ പല പപ്പീറസുകളോ തുകല്‍ കഷണങ്ങളോ തുന്നിചേര്‍ത്ത്‌ ചുരുളുകളാക്കി
ആയിരുന്നു അന്ന് പുസ്തകങ്ങള്‍ രൂപപ്പെടുത്തിയിരുന്നത്‌."
"ആ... ശരിയാ.. പണ്ട്‌
ഞാനും ഇത്‌ എവിടയോ വായിച്ചിട്ടുണ്ട്‌.ങാ,,പിന്നെ..?"
രാഘവന്‍ നായര്‍
ആകാംക്ഷയോടെ ചോദിച്ചു.
ചാക്കോമാഷ്‌ തുടര്‍ന്നു.
"രണ്ടോ അതിലധികമോ പപ്പീറസ്‌
താളുകള്‍ ഒന്നിച്ച്‌ നടുവിലൂടെ തയ്ച്ച്‌ ചേര്‍ക്കുന്ന രൂപം പിന്നീട്‌ നിലവില്‍
വന്നു. ചുരുളുകളേക്കാള്‍ സൗകര്യപ്രദമായി കൈകാര്യം ചെയ്യാവുന്ന ഇതിന്‌
കോഡെക്സ്‌(CODEX) എന്നാണ്‌ വിളിച്ചിരുന്നത്‌"
"ഇങ്ങനെ പപ്പീറസ്‌ താളുകളില്‍
എഴുതി സൂക്ഷിക്കുന്ന ഒരു ഗ്രന്ഥത്തെയാണ്‌ ഗ്രീക്കുഭാഷയില്‍ ബിബ്ലോസ്‌ (BIBLOS)എന്ന്
വിളിച്ചുതുടങ്ങിയത്‌.പില്‍ക്കാലത്ത്‌ ഗ്രീക്കുഭാഷയില്‍ ഏതുപുസ്തകത്തേയും
ബിബ്ലിയോണ്‍ എന്നുവിളിക്കാന്‍ തുടങ്ങി.ഇതിന്റെ ബഹുവചന രൂപമായ ബിബ്ലിയ (BIBLIA) എന്ന
പദത്തില്‍നിന്നാണ്‌ ബൈബിള്‍ എന്ന പേര്‌ ആധുനിക ഭാഷയിലുണ്ടായത്‌.ഇന്നു 'ബൈബിള്‍'
എന്നപേര്‌ ബൈബിളിനെ സൂചിപ്പിക്കാന്‍ മാത്രമേ ഉപയോഗിക്കുന്നുള്ളു."
ചാക്കോമാഷ്‌
പറഞ്ഞുനിറുത്തി.


സൂര്യന്‍ മെല്ലെ വിടവാങ്ങാനൊരുങ്ങി.ഇരുള്‍ തന്റെ ശക്തി
തെളിയിക്കാന്‍ തുടങ്ങി.ചാക്കോമാഷും രാഘവന്‍ നായരും മെല്ലെ തിരിച്ചുനടന്നു.




Monday, October 15, 2007

മറിയം യേശുവിന്റെ അമ്മ

നിത്യ വിശുദ്ധയാം കന്യാമറിയമെ
നിന്‍ നാമം വാഴ്‌ത്തപ്പെടട്ടേ...
നന്മ
നിറഞ്ഞ നിന്‍.............
റേഡിയോയില്‍ നിന്ന് ഉയരുന്ന ഭക്തിഗാനത്തില്‍ ലയിച്ച്‌
സ്വയം മറന്ന് ഇരിക്കുകയാണ്‌ ചാക്കോമാഷ്‌.അപൂര്‍വ്വമായേ ഇത്തരം പഴയ ഗാനങ്ങള്‍
റേഡിയോയില്‍ വരാറുള്ളു.മനസിനെ സ്വര്‍ഗ്ഗീയ ആനന്ദത്തില്‍ കൊണ്ടുചെന്നെത്തിക്കുന്ന
ഇത്തരം വരികള്‍ പഴയ ഭക്തിഗാനങ്ങളിലേയുള്ളു,മറിയത്തെ പ്രകീര്‍ത്തിക്കുന്ന ഗാനത്തില്‍
ലയിച്ച മാഷിന്റെ മനസ്സ്‌ ഭക്തിസാന്ദ്രമായി.
നാട്ടിലെ ഏതാവശ്യത്തിനും
ആശ്രയിക്കാവുന്ന മനുഷ്യന്‍,കറകളഞ്ഞ മനുഷ്യസ്നേഹി,നീണ്ടകാലത്തെ
അദ്ധാപനപുണ്യംകൈമുതലായുള്ള ആള്‍,വലിയ ശിഷ്യസമ്പത്തില്‍
അനുഗ്രഹിക്കപ്പെട്ടവന്‍,ഇപ്പോള്‍ മതബോധന രംഗത്ത്‌ സജീവമായി
പ്രവര്‍ത്തിക്കുന്നു,ചാക്കോമഷിന്റെ വിശേഷണങ്ങള്‍ നീണ്ടുപോകുന്നു.
മ്മ് മ്മ് ...
ഒരു മുരടനക്കം കേട്ട്‌ ചാക്കോമാഷ്‌ മുറ്റത്തേക്ക്‌ നോക്കി-ഏലിയാമ്മ ചേടത്തി.മുഖം
കണ്ടാലേ അറിയാം എന്തോ ധര്‍മ്മസങ്കടത്തിലാണ്‌ ആള്‍.ശുദ്ധഗതിക്കാരിയായ ഏലിയാമ്മ
ചേടത്തി ആ നാട്ടിലെ എല്ലാവര്‍ക്കും ഇഷ്ടകഥാപാത്രമാണ്‌.പണ്ട്‌ ഭര്‍ത്താവായ
കറിയാച്ചന്റെ കൂടെ ഈ നാട്ടിലെത്തിയതും കാടിനോടും കാട്ടുമൃഗങ്ങളോടും രോഗങ്ങളോടും
പോരാടി കഷ്ടപ്പെട്ടതുമെല്ലാം പറയാന്‍ ഏലിയാമ്മചേടത്തിക്ക്‌ ആവേശമാണ്‌.കറിയാച്ചന്‍
പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ മരിച്ചെങ്കിലും ഭര്‍ത്താവിന്റെ ഓര്‍മ്മയില്‍
ഇന്നും ഏലിയമ്മചേടത്തി അഭിമാനം കൊള്ളും.
"എന്താ ചേടത്തീ...പശുവോ മറ്റോ
കയറഴിഞ്ഞു പോയോ?..വലിയ സങ്കടത്തിലാണല്ലോ..?"
ചാക്കോചേട്ടന്‍ പകുതികാര്യമായും
പകുതി തമാശയായും ചോദിച്ചു.
"അല്ല മാഷേ ഞാന്‍ കേട്ടത്‌ സത്യമാണോ?" ഏലിയാമ്മ
ചേടത്തി തുടക്കമിട്ടു.
"അതിന്‌ ചേടത്തി എന്താ കേട്ടതെന്നു
പറഞ്ഞില്ലല്ലോ..?"
"എന്തുപറയാനാ,ഇത്‌ അറിഞ്ഞപ്പോള്‍ മുതല്‍ എനിക്ക്‌ ഒരു
സമാധാനവുമില്ല;ഇത്രയും നാള്‍ വിശ്വസിച്ചിരുന്നതൊക്കെ
തെറ്റാണെന്നുവന്നാല്‍...."
"ഓ..പ്രശനം വിശ്വാസത്തിനേറ്റ
തിരിച്ചടിയാണ്‌.പരിഹരിക്കാന്‍ പറ്റുന്ന പ്രശനംതന്നെ.ചേടത്തി കാര്യം പറ"
മാഷ്‌
കസേരയില്‍ ഒന്ന് ഇളകിരുന്നു.ഏലിയാമ്മ ചേടത്തി ഉമ്മറത്ത്‌
നിലത്തും.ഏലിയാമ്മചേടത്തിയുടെ സ്ഥിരം ഇരിപ്പിടമാണത്‌.
"മഷേ,മറിയം യേശുവിന്റെ
അമ്മയല്ലെ?"
മരിയന്‍ ഭക്തിക്കരിയായ ഏലിയാമ്മ ചേടത്തി കരയുന്നതുപോലെയാണ്‌ ഇത്‌
ചോദിച്ചത്‌.
"ഇന്നലെവരെ ദിവസം രണ്ട്‌ നേരവും ജപമാല ചൊല്ലുന്ന ചേടത്തിക്ക്‌
ഇതെന്താ ഒരു പുതിയ ബോധോദയം?"
ചേടത്തി സംഭവം വിവരിക്കാന്‍ ഒരുങ്ങി.
പെട്ടന്ന്
മുറ്റത്ത്‌ ഒരുകാല്‍പെരുമാറ്റം.
"അല്ലാ..! ഇതാര്‌ രഘവനോ കയറിവാ..."
ആഗതനെ
നോക്കി മാഷ്‌ പറഞ്ഞു.
"നിങ്ങള്‍ രണ്ടുപേരും ഒത്തുചേര്‍ന്നാല്‍ എന്തെങ്കിലും
കാര്യമായ ചര്‍ച്ചയുണ്ടാവും എന്നറിയാവുന്നതുകോണ്ട്‌ വന്നതാ.."
"നന്നായി
സ്വാഗതം"
മാഷ്‌ സന്തോഷത്തോടെ രാഘവനെ ക്ഷണിച്ചു.
രാഘവന്‍-ചാക്കോമാഷിനേപ്പോലെ
ജീവിതസായാഹ്‌നത്തില്‍ എത്തിനില്‍ക്കുന്ന ആള്‍,നീണ്ടകാലം പട്ടാളക്കാരനായി രാജ്യത്തെ
സേവിച്ച ശേഷം ഇപ്പോള്‍ അത്യാവശ്യം പോതുപ്രവര്‍ത്തനങ്ങളോക്കെയായി
ജീവിക്കുന്നു.ജനസമ്മതന്‍,തന്റെ മതത്തെക്കുറിച്ച്‌ പഠിക്കുകയും അതനുസ്സരിച്ച്‌
ജീവിക്കുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്ന ആള്‍,ഇനിയും യുവത്വം
വിട്ടുമാറാത്ത മനസും വാര്‍ധ്യക്യത്തിനു പിടികൊടുക്കാത്ത ശരീരവും.
"എന്താ
ഉണ്ടായത്‌?"
മാഷ്‌ ഏലിയാമ്മ ചേടത്തിയുടെ നേരെ തിരിഞ്ഞു.
"രാവിലെ മത്തായി
ഉപദേശി വീട്ടില്‍ വന്നു.ഭിത്തിയില്‍ ഫ്രെയിം ചെയ്ത്‌ വെച്ചിരിക്കുന്ന മറിയത്തിന്റെ
ഫോട്ടോകണ്ട്‌ ഉപദേശി പറയുവാ..മേരി യേശുവിന്റെ
അമ്മയല്ലന്ന്"
"അതെന്താ..."
രഘവന്‍ നായര്‍ ഇടക്കുകയറി
"ദൈവപുത്രനായ
യേശുവിന്‌ ഭൂമിയിലേക്ക്‌ വരാന്‍ ഒരു ചാലകം;അതിലുപരി മറിയത്തിന്‌ അവിടെ
പ്രസക്തിയില്ലപോലും,കോഴികുഞ്ഞുണ്ടായിക്കാഴിഞ്ഞാല്‍ മുട്ടത്തോടിന്‌ ഒരു
പ്രസക്തിയുമില്ലാത്തതുപോലെ"
"മുട്ടത്തോടു പോലെയാണോ പ്രസവിച്ച
അമ്മ?.."
രാഘവന്‍ നായര്‍ക്ക്‌ ദേഷ്യം വന്നു.
"ഇതാണോ കാര്യം? സാരമില്ല ഞാന്‍
പറഞ്ഞുതരാം.ബൈബിള്‍ ഒന്ന് എടുക്കട്ടെ"
ചാക്കോമാഷ്‌ അകത്തേക്കുപോയി പെട്ടന്ന്
ബൈബിളുമായി മടങ്ങി വന്നു.
"ആദ്യമായി ചോദിക്കട്ടേ..പരിശുദ്ധാത്മാവില്‍
ചേടത്തിക്ക്‌ വിശ്വാസമുണ്ടോ?"
"അതെന്തു ചോദ്യമാ മാഷെ;പിന്നെ
ഇല്ലതിരിക്കുമോ?
ദൈവത്തിന്റെതന്നെ ഭാഗമായ പരിശുദ്ധാത്മാവ്‌ കള്ളം
പറയുകയുമില്ലല്ലോ?"
ചാക്കോമാഷ്‌ വീണ്ടും ചോദിച്ചു
"ഒരിക്കലുമില്ല.."
ഏലിയാമ്മചേടത്തിയുടെ മറുപടി പെട്ടന്നായിരുന്നു.
"എങ്കില്‍ ലൂക്കായുടെ സുവിശേഷം
ഒന്നാം അധ്യായം 41 മുതല്‍ 45 വരെ വാക്യങ്ങള്‍ ഒന്നു
വായിച്ചേ.."(ലൂക്ക:1:41-45)
ചാക്കോമാഷ്‌ ബൈബിള്‍ ഏലിയാമ്മചേടത്തിയുടെ നേരേ
നീട്ടി.
ഭക്തിപൂര്‍വ്വം ബൈബിള്‍ വങ്ങിയ ഏലിയാമ്മ ചേടത്തി വായിക്കന്‍
ആരംഭിച്ചു.
"മറിയത്തിന്റെ അഭിവാദാനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു
കുതിച്ച്‌ ചാടി.എലിസബത്ത്‌ പരിശുദ്ധാത്മാവ്‌ നിറഞ്ഞവളായി.അവള്‍ ഉദ്‌ഘോഷിച്ചു:നീ
സ്ത്രീകളില്‍ അനുഗ്രഹീതയാണ്‌.നിന്റെ ഉദരഫലവും അനുഗ്രഹീതം.എന്റെ കര്‍ത്താവിന്റെ അമ്മ
എന്റെ അടുത്തുവരാനുള്ള ഈ ഭാഗ്യം എനിക്ക്‌ എവിടെനിന്ന്?ഇതാ നിന്റെ അഭിവാദന സ്വരം
എന്റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചു
ചാടി.കര്‍ത്താവ്‌ അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്നു വിശ്വസിച്ചവള്‍
ഭാഗ്യവതി"
മതിയെന്ന് മാഷ്‌ കൈകൊണ്ട്‌ ആഗ്യം കാണിച്ചു.ഏലിയാമ്മചേടത്തി ബൈബിള്‍
അടച്ച്‌ ചുംബിച്ചശേഷം ചാക്കോമാഷിന്‌ കൈമാറി.
മാഷ്‌ വിശദീകരിച്ചു
"തന്റെ
ചാര്‍ച്ചക്കരിയായിരുന്ന എലിസബത്തിനെ പരിചരിക്കാന്‍ മേരി ചെല്ലുന്നു.ഗര്‍ഭിണിയായ
എലിസബത്ത്‌ മറിയത്തെ ദൂരെനിന്ന് കാണുമ്പോഴേ പരിശുദ്ധാത്മാവിനാല്‍
നിറയുന്നു.എലിസബത്തിന്റെ ഉദരത്തിലുള്ള ശിശു സന്തോഷംകോണ്ട്‌
കുതിക്കുന്നു.പരിശുദ്ധാത്മാവില്‍ നിറഞ്ഞ എലിസബത്തില്‍ നിന്ന് സംസാരിക്കുന്നത്‌
പരിശുദ്ധാത്മാവാണ്‌ 'എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്ത്‌
വരാനുള്ള....'പരിശുദ്ധാത്മാവ്‌ തന്നെ മറിയത്തെ യേശുവിന്റെ അമ്മയായി സാക്ഷ്യം
നല്‍കുന്നു..."
മാഷ്‌ ഇത്‌ പറഞ്ഞ്‌ പൂര്‍ത്തിയാക്കുന്നതിനുമുന്‍പേ
ഏലിയാമ്മചേടത്തി സന്തോഷത്താല്‍ ചാടിയെഴുനേറ്റു.
"എന്റെ മാഷെ,മാഷെന്റെകണ്ണു
തുറപ്പിച്ചു..അമ്മേ മറിയമേ ..."
ഏലിയമ്മചേടത്തിയുടെ മനസ്‌
ഭക്തിസാന്ദ്രമായി.
മാഷ്‌ രഘവന്‍നായരോടായി പറഞ്ഞു.
"രാഘവാ...ഇനിയും
ഏലിയാമ്മചേടത്തിക്ക്‌ മനസിലായില്ലെങ്കില്‍ താന്‍ തന്റെ ഭാഷയില്‍ ഒന്ന്
വിവരിക്ക്‌"

"കോ ഭവാനിതിതം പ്രാഹ
സഹോവാചമുദാന്വിത:
ഈശ പുത്രം ച മാം
വിദ്ധി
കുമാരീ ഗര്‍ഭസംഭവം..
അഹം ഈശാമസീഹ നാമ:"

ഒന്നും മനസിലാകാതെ
ഏലിയാമ്മ ചേടത്തി രാഘവന്‍ നായരുടെ മുഖത്തേക്കു നോക്കി.രാഘവന്‍ നായര്‍
തുടര്‍ന്നു
"പേടിക്കേണ്ട ഇത്‌ ഭവിഷ്യമഹാപുരാണം പ്രതിസര്‍ഗ്ഗപര്‍വ്വം തൃതീയ
ഖണ്ഡം,രണ്ടാം അധ്യായം ശ്ലോകം-23 ആണ്‌ കാര്യമിതാണ്‌-ശകമഹാരാജാവ്‌ ചോദിച്ചു"അങ്ങ്‌
ആരാണ്‌?"സന്തോഷത്തോടെ ആ പുരുഷന്‍ പറഞ്ഞു "ഞാന്‍ ദൈവപുത്രനാണെന്നറിഞ്ഞാലും.ഒരു
കന്യകയുടെ ഗര്‍ഭത്തില്‍ ജനിച്ചവനുമാണ്‌.ഈശാമസീഹന്‍ എന്നാണ്‌ എന്റെ പ്രസിദ്ധമായ
നാമദേയം"

രാഘവന്‍ നായര്‍ ഇത്‌ പറഞ്ഞ്‌ നിറുത്തിയതും ഏലിയാമ്മ ചേടത്തിയുടെ
കണ്ണുകള്‍ നിറഞ്ഞിരുന്നു.അവര്‍ മനസില്‍ ചൊല്ലി "നന്മ നിറഞ്ഞ മറിയമെ ...."