കാലാകാലങ്ങളില്‍ മതാധികാരകേന്ദ്രങ്ങളില്‍നിന്നും കാലദേശഭേദവും വ്യക്തിവീക്ഷണമനുസരിച്ചുമാണ് മതനിയമങ്ങള്‍ രൂപം കൊള്ളുന്നത്.ഒരിക്കലും മതനിയമങ്ങളെ ദൈവികനിയമങ്ങള്‍ക്ക് തുല്യമാക്കാന്‍ പാടില്ല.അങ്ങനെ ചെയ്യുന്നത് വലിയ തെറ്റാണ്.ഓരോ മതങ്ങള്‍ക്കും അവയുടെ സുഗമമായ നടത്തിപ്പിന് നിയമങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്.എന്നാല്‍ ഇവയുടെ ലംഘനം ദൈവകോപത്തിനും കഠിന ശിക്ഷക്കും കാരണമായിതീരുമെന്ന് പഠിപ്പിക്കുന്നത് അന്ധവിശ്വാസജനകമാണ്.മത നിയമങ്ങളും അനുഷ്‌ഠാനങ്ങളും വിശുദ്ധിയുടെ മാര്‍ഗങ്ങളായി,ആത്മനിയന്ത്രണത്തിന്റെ വഴികളായി തീരണം.സഹോദരസ്നേഹത്തിന്റേയും പരസ്‌പര ബഹുമാനത്തിന്റേയും വഴികാട്ടിയാവണം.ഈ കാഴ്‌ചപ്പാടിലെത്തിയാല്‍ ലംഘനം മൂലമുള്ള ശിക്ഷക്ക് പ്രാധാന്യമില്ലാതെ അനുഷ്‌ഠാനത്തിന് ലഭിക്കുന്ന പ്രതിഫലത്തിന് ഒന്നാം സ്ഥാനമുണ്ടാവും.
ശരിക്കും ഇതാണ് രാഷ്‌ട്ര നിയമങ്ങളും മതനിയമങ്ങളും തമ്മിലുള്ള വ്യത്യാസം.രാഷ്‌ട്രനിയമങ്ങള്‍ക്ക് നിയമപാലനത്തിന് പ്രതിഫലമില്ല;നിയമലംഘനത്തിന് ശിക്ഷയും ലഭിക്കും.എന്നാല്‍ മതനിയമപാലനത്തിന് ആദ്ധ്യാത്‌മിക പ്രതിഫലമാണ് പ്രേരകമാവേണ്ടത്.അതായത് നിയമപാലനം ദൈവപ്രീതിക്ക് അഥവാ പുണ്യ സമ്പാദനത്തിനുവേണ്ടി അവതരിപ്പിക്കണം.
പരിധികളുടെ പരിമിതി വ്യത്യസ്ഥമെങ്കിലും എല്ലാ മതങ്ങളും മതനിയമങ്ങളെ ദൈവനിയമമാക്കി കാട്ടി വിശ്വാസികളെ ഭയപ്പെടുത്താറുണ്ട്.(ഉദാ:ചില വസ്‌ത്രങ്ങള്‍ ധരിച്ച് ആരാധനാ സ്ഥലങ്ങളില്‍ വരരുത്.ചില ദിവസങ്ങളില്‍ മാംസം പോലുള്ള ആഹാരങ്ങള്‍ ഉപയോഗിക്കരുത്..മാസമുറയുടെ ദിവസങ്ങളില്‍ ചില ആരാധനാസ്ഥലത്ത് പ്രവേശിക്കരുത് മുതലായവ).
മനുഷ്യരെ പരസ്‌പരം സ്നേഹിപ്പിക്കാനും ഒന്നിപ്പിക്കാനും സഹായിക്കാനും കഴിയുന്നവയായിരിക്കണം മതനിയമങ്ങള്‍.അതാണ് മതങ്ങളുടെ കടമയും.എന്നാല്‍ ഇന്ന് മതങ്ങള്‍ മറ്റുപലതുമാണ് ചെയ്യുന്നത്.മതങ്ങള്‍ ഇന്ന് ഒന്നാംതരം വോട്ടുബാങ്കായി പ്രവര്‍ത്തിക്കുന്നു.ന്യൂനപക്ഷ അവകാശങ്ങളും സൗജന്യങ്ങളും പിടിച്ചുപറ്റാനുള്ള ഒരു ഉപാധിയായി മാറുന്നു.മതങ്ങള്‍ ഇന്ന് ഭീകരവാദം വിരിയിക്കുന്നു.ചിലര്‍ക്ക് മതങ്ങള്‍ കൈ നനയാതെ മീന്‍ പിടിക്കാനുള്ള ഒരു ഒറ്റമൂലിയാണ്.മതത്തിന്റെ പേരുപറഞ്ഞ് ഗവണ്‍മെന്റിനെ പോലും വരുതിക്ക് നിറുത്തുന്നു.മതത്തിന്റെ പേരില്‍ പരസ്‌പരം കൊല്ലാനും അയല്‍രാജ്യങ്ങളോട് യുദ്ധത്തിനുപുറപ്പെടാനും ഒരുങ്ങുന്നത് ദൈവത്തിനുവേണ്ടിയാണെന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്?.ജീവിക്കാനായി കഷ്‌ടപ്പെടുന്ന ഒരാളും തന്റെ അരിക്കാശില്‍നിന്ന് മിച്ചം വെച്ച് മതസൗധം പണിയിച്ച് മതങ്ങളെ വളര്‍ത്തേണ്ട.ജനദ്രോഹപരമായ ഒരു പരിപാടിക്കും മതത്തിന്റെ ബാനറില്‍ പിരിവിനിറങ്ങണ്ട.ദൈവത്തിന് നമ്മുടെ പണം വേണ്ട;നമ്മളെയാണ് വേണ്ടത്.പാവം ജനം പറയും "ദൈവത്തിനുവേണ്ടിയല്ലേ;അങ്ങനെയാവട്ടെ"യെന്ന്.വലിയ അജ്ഞതയാണത്.
ബ്ലോഗര്‍മാരെ,നാം കണ്ണു തുറക്കേണ്ട സമയം അതിക്രമിച്ചു.മനസില്‍ ഒരു പൊളിച്ചെഴുത്തിന് സമയമായി.എല്ലാവര്‍ക്കും പുതുവര്‍ഷത്തിന്റെ ആശംസകള്‍.മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നതിലാവട്ടെ പുതുവര്‍ഷത്തില്‍ നമ്മുടെ ശ്രദ്ധ.ഒരിക്കല്‍കൂടി എല്ലാവര്‍ക്കും സന്തോഷത്തിന്റേയും ഐശ്വര്യത്തിന്റേയും ഒരു നല്ല വര്‍ഷം ആശംസിക്കുന്നു.
Monday, December 31, 2007
മതനിയമങ്ങള്‍
Saturday, December 22, 2007
ക്രിസ്തുമസ്
Saturday, December 15, 2007
'ക്രിസ്തുമസ് ട്രീ
Monday, December 10, 2007
ദൈവം ക്രൂരനോ
എന്റെ കഴിഞ്ഞ പോസ്റ്റില്‍ Mr.vadavoskyഎഴുതിയ കമന്റിനുള്ള എന്റെ അഭിപ്രായം
ചോദ്യം
എല്ലാ abrahamic relgionലും പിശാച് ദൈവത്തിന്റെ എതിരാളിയാണ്. equally competentആയ ഒരു എതിരാളി. അതുകൊണ്ടു തന്നെ പിശാചിന്റെ കൂടെ ജനം പോകുന്നത് ദൈവത്തിനെ വിറളി പിടിപ്പിക്കുന്നു. ദൈവം എന്തിനാണ് തന്റെ എതിരാളുടെ കൂടെ ആളുകള്‍ കൂടുന്നതില്‍ ഇത്ര വിഷമിക്കുന്നത് ബൈബിള്‍ വായിക്കുമ്പോള്‍ ദൈവം വളരെയധികം demanding ആയ ഒരു വേഷമാണ് എന്ന് വായനക്കാരനു തോന്നുന്നു. എന്നെ വിശ്വസിക്കുക അല്ലെങ്കില്‍ നിന്നെ ഞാന്‍ നശിപ്പിക്കും എന്ന് ദൈവം ഭീഷണി ഉയര്‍ത്തുന്നു. തന്റെ മേല്‍ വിശ്വാസം വേണമെന്ന് ജനങ്ങളോട് ദൈവം ആഞ്ഞാപിക്കുകാണ്. ഇയ്യോബിന്റെ കഥ നോക്കുക.തികഞ്ഞ ദൈവവിശ്വാസിയായിരുന്ന ഇയ്യോബിനെ ദൈവം വളരെയധികം കഷ്ടപ്പെടുന്നു. തന്റെ മേല്‍ ഉള്ള വിശ്വാസം ഇയ്യോബ് കൈവിടുന്നോ എന്ന് ദൈവം പരീക്ഷിക്കുന്നു. തന്നെ വളരെയധികം വിശ്വസിക്കുന്ന ഒരാളെ കഷ്ടപ്പെടുത്തി എന്തിനാണ് ദൈവം തന്നിലുള്ള വിശ്വാസം പരീക്ഷിക്കുന്നത്.പരമകാരുണികനും എല്ലാം നിയന്ത്രിക്കുന്നവനുമായ ദൈവം തന്നെ വിശ്വസിക്കാത്തവനെ നശിപ്പിക്കണമെന്ന് എന്തിനാണ് വാശി പിടിക്കുന്നത്.
എനിക്ക് പറയാനുള്ളത്:_
ഏതുമനുഷ്യനും ഇഷ്‌ടപ്പെടാത്ത ഒന്നാണ് തിന്മ.ചില മാറാരോഗങ്ങള്‍, അറ്റുപോകുന്ന സ്നേഹ ബന്ധങ്ങള്‍,വര്‍ദ്ധിച്ചുവരുന്ന ശത്രുത,വിട്ടുമാറാത്ത ദുശീലങ്ങള്‍...തുടങ്ങിയവയെല്ലാം തിന്മയുടെ ഫലങ്ങളാണ്.ആദ്യകാലങ്ങളില്‍ പ്രകൃതിയിലെ നന്മ കണ്ട് ദൈവത്തിലേക്ക് തിരിഞ്ഞ മനുഷ്യന്‍ പിന്നീട് തിന്മയുടെ ഉത്ഭവവും ദൈവത്തില്‍തന്നെയാണ് ആരോപിച്ചത്.തനിക്കുള്ള എല്ലാ സ്വഭാവങ്ങളും ദൈവത്തിനും ഉണ്ടാവുമെന്ന് വിചാരിച്ച മനുഷ്യന്‍ ഭൂമിയില്‍ സംഭവിക്കുന്ന എല്ലാ തിന്മകള്‍ക്കും പിന്നില്‍ ദൈവമാണെന്ന് വിചാരിച്ചു.പ്രത്യേക കാരണമൊന്നും കൂടാതെ കലഹിക്കുകയും തങ്ങളെ തമ്മില്‍ തല്ലിക്കുകയും ചെയ്യുന്നത് ദൈവത്തിന്റെ ഒരു വിനോദമാണെന്ന് അവര്‍ കരുതി.ഇടിമിന്നലിനേയും കാറ്റിനേയും എല്ലാം ദൈവമായി കരുതിയ ആദിമ മനുഷ്യന്‍ ഇങ്ങനെ ചിന്തിക്കുന്നത് സ്വാഭാവികമാണ്.ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ ദുരന്തങ്ങള്‍ക്കും ദൈവത്തെ അവര്‍ പഴിക്കുമായിരുന്നു.ഇങ്ങനെ ക്ഷിപ്രകോപികളായ തങ്ങളെ ഉപദ്രവിക്കുന്ന ദൈവത്തിന് ഇഷ്‌ടമുള്ളതെന്താണെന്ന് കണ്ടുപിടിച്ച് അത് നല്‍കിയാല്‍ ദൈവം തങ്ങളില്‍ പ്രസാധിക്കുമെന്നും അതുവഴി തങ്ങള്‍ക്ക് നേട്ടമുണ്ടാവുമെന്നും അവര്‍ വിചാരിച്ചു.തങ്ങള്‍ക്കിഷ്‌ടപ്പെട്ടതൊക്കെ ദൈവത്തിനും ഇഷ്‌ടമാവും എന്ന് കരുതിയ മനുഷ്യന്‍ മദ്യവും മാംസവും ഫലപുഷ്‌പാദികളും ദൈവത്തിനു സമര്‍പ്പിച്ചു.ചിലപ്പോള്‍ മനുഷ്യകുരുതിവരെ നടത്തി. കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരേ ദൈവത്തില്‍നിന്നു തന്നെ നന്മയും തിന്മയും പുറപ്പെടുന്നു എന്നത് മനുഷ്യന്റെ യുക്തിക്ക് നിരക്കാത്തതായി.ഇത് നന്മക്കും തിന്മക്കുമായി ഓരോ ദൈവങ്ങള്‍ -രണ്ടുദൈവം-ഉണ്ടെന്ന സങ്കല്‍പ്പത്തിലേക്ക് നയിച്ചു.നന്മയുടെ ഉറവിടത്തെ ദൈവമെന്നും തിന്മയുടെ ഉറവിടത്തെ പിശാച് എന്നും വിളിക്കാന്‍ തുടങ്ങി.ഇതിന്റെ സ്വാധീനം എല്ല മതസ്ഥരിലുമുണ്ട്.ദേവാസുര സങ്കല്‌പങ്ങള്‍,ദുഷ്‌ടമൂര്‍ത്തികള്‍ മുതലായവ ഹിന്ദു വിശ്വാസങ്ങളിലും പിശാചുക്കളും ഇബിലിസുകളുമായി ക്രൈസ്തവ മുസ്ലീം വിഭാഗക്കാരും കാണുന്നു.എല്ലാ മതഗ്രന്ഥങ്ങളും ഇതിന് അംഗീകാരവും പ്രോത്സാഹനവും നല്‌കിപോരുന്നു.ദൈവത്തിന്റേയും മനുഷ്യരുടേയും ഇടയ്ക്കുള്ള അശരീരികളായ ദൂതന്മാരാണ് മാലഖമാര്‍(മലക്കുകള്‍).അവരില്‍ പിഴച്ചവരാണ് പിശാചുക്കള്‍.കഠിന ഹൃദയരായിതീര്‍ന്ന മലക്കുകളാണ് നരകത്തിലെ ഇബലിസുകള്‍(ഖുര്‍ആന്‍:66) മുസ്ലീം സമൂഹങ്ങള്‍ ഇങ്ങനെ വിശ്വസിക്കുന്നു.ക്രൈസ്തവ മുസ്ലീം മതഗ്രന്ഥങ്ങളുടെ പശ്ചാത്തലം പരസ്‌പര ബന്ധിതങ്ങളയതുകൊണ്ട് ഈ രണ്ടുമതത്തിലും സമാനമായ പല ചിന്താഗതികളും കാണാം.ചുരുക്കത്തില്‍ ശിഷ്‌ടാരൂപിയുടേതും ദുഷ്‌ടാരൂപിയുടേയും കാഴ്‌ചപ്പാടുകള്‍ എല്ലാ മതസ്ഥരിലും ഉണ്ട്.നന്മയുടേയും തിന്മയുടേയും ഉറവിടങ്ങളായി രണ്ട് ദൈവങ്ങളുണ്ടെന്ന വിശ്വാസത്തെ പൂര്‍ണ്ണമായും തള്ളികളയുന്നതാണ് ബൈബിളിന്റെ കാഴ്‌ചപ്പാട്.ദൃശ്യവും അദൃശ്യവുമായ സകലത്തിന്റേയും സൃഷ്‌ടാവ് ഒരേയൊരു ദൈവം മാത്രമാണെന്നാണ് ബൈബിളിന്റെ അടിസ്ഥാനം."ഇസ്രായേലേ കേള്‍ക്കുക നമ്മുടെ ദൈവമായ കര്‍ത്താവ് ഒരേയൊരുകര്‍ത്താവ്"(നിയമാ:6.4) തിന്മക്ക് ആധാരമായി മറ്റൊരു ദൈവം ഉണ്ടെന്ന സങ്കല്‍പത്തിന് ഇവിടെ സ്ഥാനമില്ല.അപ്പോള്‍ നന്മയും തിന്മയും ദൈവത്തിന്റെ സൃഷ്‌ടിയാണെന്ന് പറയാനാവുമോ?.ജോബിന്റെ (ഇയ്യോബിന്റെ) പുസ്തകം ചര്‍ച്ചചെയ്യുമ്പോള്‍ വരുന്ന പ്രശ്‌നവും ഇതാണ്.നന്മമാത്രമായ ദൈവത്തില്‍നിന്ന് എങ്ങനെയാണ് തിന്മയും പുറപ്പെടുന്നത്?. ഇതിനുള്ള ഉത്തരം കിട്ടണ്മെങ്കില്‍ തിന്മയുടെ ഉത്ഭവത്തെക്കുറിച്ച് നാം ചിന്തിക്കണം. പ്രപഞ്ചത്തെ സൃഷ്‌ടിക്കുന്ന ദൈവം തന്റെ ഓരോ ദിവസത്തേയും സൃഷ്‌ടിക്കുശേഷവും "അതുനല്ലതെന്ന് കണ്ടു"(ഉല്‍പ.1:31).ഇപ്രകാരം നന്മ നിറഞ്ഞ ഈ ലോകത്തില്‍ എങ്ങനെ തിന്മ നിറഞ്ഞു എന്ന് ഉല്‍പത്തി പുസ്തകത്തിന്റെ മൂന്നാം അധ്യായത്തില്‍ നാം കാണുന്നു.സൃഷ്‌ടി എന്ന നിലയില്‍ മനുഷ്യന് മറികടക്കാനാവാത്ത ചില പരിമിതികളുണ്ട്.ഇതാണ് ബൈബിളിലെ നന്മതിന്മയുടെ വൃക്ഷം(ഉല്‍പ.2:17) എന്ന പ്രതീകം.ഈ പരിമിതികളെ സ്വതന്ത്രമായി അംഗീകരിച്ചുകൊണ്ട് മനുഷ്യന്‍ ദൈവത്തില്‍ ആശ്രയിക്കണം. പിശാചിന്റെ പ്രേരണക്ക് വഴങ്ങി ദൈവകല്‍പന നിരസിക്കുകയും സ്വയം ദൈവത്തേപ്പോലെയാകാന്‍ ശ്രമിക്കുകയും ചെയ്തതുവഴി സൃഷ്‌ടിയായ മനുഷ്യന്‍ തന്റെ സൃഷ്‌ടാവില്‍നിന്നകന്നു.മരണം,രോഗങ്ങള്‍,ശത്രുത,അടിമത്തം,വിദ്വേഷം,പട്ടിണി തുടങ്ങി എല്ലാതിന്മക്കും കാരണമായത് മനുഷ്യന്റെ തിന്മപ്രവര്‍ത്തികളാണ്.ഇതിനായി മനുഷ്യനെ പ്രേരിപ്പിക്കുന്നതാകട്ടെ പിശാചും.എല്ലാ സൗഭാഗ്യങ്ങളും നല്‍കപ്പെട്ട മനുഷ്യന്‍ തനിക്കുതന്നെ ദൈവത്തേക്കാള്‍ പ്രാധാന്യം നല്‌കുകയും ദൈവത്തെ നിന്ദിക്കുകയും ചെയ്തു.അതിന് മനുഷ്യനെ പിശാച് പ്രേരിപ്പിച്ചു.ഇതിനുശേഷം ലോകം മുഴുവന്‍ പാപത്തില്‍ അകപ്പെട്ടു.ഒരിക്കലും മനുഷ്യനെ ദൈവത്തിലേക്ക് തിരിയാന്‍ പിശാച് അനുവദിക്കില്ല.ലോകത്തിലെ എല്ലാ തിന്മകളിലേക്കും മനുഷ്യനെ അവന്‍ ആകര്‍ഷിക്കുന്നു.നന്മതന്നെയായ ദൈവത്തിന് തന്റെ സൃഷ്‌ടികള്‍ ഇങ്ങനെ നശിക്കുന്നത് അനുവദിക്കാന്‍ കഴിയുമോ?.ഇതാണ് താങ്കള്‍ പറഞ്ഞ ദൈവത്തിന്റെ 'വിളറി'അല്ലങ്കില്‍'വിഷമം'.എന്നാല്‍ എന്തുകൊണ്ടാണ് ആദിമനുഷ്യനെ പാപം ചെയ്യുന്നതില്‍ നിന്ന് ദൈവം തടയാതിരുന്നത്?മഹാനായ വി.ലെയോ പറയുന്നു:"പിശാചിന്റെ അസൂയ നമുക്ക് നഷ്‌ടമാക്കിയതിനേക്കാള്‍ വളരെയേറെ ദൈവാനുഗ്രഹങ്ങള്‍ ക്രിസ്തുവിന്റെ അവാച്യമായ കൃപ നമുക്ക് നേടിതന്നിരിക്കുന്നു".വി.തോമസ് അക്വിനാസ് എഴുതി:"ആദിമപാപത്തിനുശേഷവും മഹത്തരമായ ഔന്നത്യത്തിലേക്ക് മനുഷ്യപ്രകൃതി ഉയര്‍ത്തപ്പെടുന്നതിന് തടസമൊന്നുമില്ല.തിന്മ സംഭവിക്കാന്‍ ദൈവം അനുവദിക്കുന്നത് അതില്‍നിന്ന് മഹത്തരമായ നന്മ പുറപ്പെടുന്നതിനുവേണ്ടിയാണ്".പിന്നെ ജോബിന്റെ (ഇയോബ്) കാര്യം,അതിന് ഒറ്റവാക്യത്തില്‍ തന്നെ ഉത്തരമുണ്ട്.ജോബിന് ആ പരീക്ഷണങ്ങളെല്ലാം നല്‍കുന്നത് ദൈവമല്ല;സാത്താനാണ്.ജോബിന്റെ പുസ്തകം 1ാം അധ്യായം വായിച്ചുനോക്കൂ...നീതിമാന്‍ എന്തിനു ക്ലേശങ്ങള്‍ സഹിക്കണം എന്നതിന്റെ ഒരു അപഗ്രഥമാണ് ജോബിന്റെ പുസ്തകം.
Saturday, December 8, 2007
പിശാചിനെ ആരാധിക്കുന്നവര്‍
പാശ്ചാത്യ രാജ്യങ്ങളിലെ ക്രിസ്ത്യാനികളുടെ ഇടയില്‍ ചിലര്‍ സാത്താനെ ദൈവമായികണ്ട് ആരാധിക്കുന്നുണ്ട്.തങ്ങളുടെ സ്വകാര്യ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും ശത്രുക്കളെ നശിപ്പിക്കുന്നതിനും സാത്താന്റെ സഹായം തേടുന്ന ഈ സംഘടനക്ക് അവരുടേതായ പ്രത്യേക ആരാധനാരീതികളുമുണ്ട്.ക്രിസ്ത്യാനികള്‍ ഭക്തിയോടും വിശുദ്ധിയോടും കരുതുന്ന എല്ലാത്തിനേയും അവര്‍ ഏറ്റവും നികൃഷ്‌ടമായി അപമാനിക്കുന്നു.ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍നിന്ന് മോഷ്‌ടിക്കുന്ന തിരുവോസ്തിയെ വളരെ നിന്ദ്യമായ രീതിയില്‍ ഉപയോഗിച്ച് കറുത്ത കുര്‍ബ്ബാന (Black Mass)ഇവര്‍ സാത്താന് അര്‍പ്പിക്കുന്നു. ഇവര്‍ക്കെതിരെ കര്‍ശനനിലപാടു സ്വീകരിച്ച കത്തോലിക്കാ സഭക്ക് വളരെയാളുകളെ ഇതില്‍നിന്ന് രക്ഷിക്കാനായെങ്കിലും ഈ സംഘടനയേയോ സാത്താന്‍ ആരാധനയോ പൂര്‍ണ്ണമായി ഉന്മൂലനം ചെയ്യാന്‍ സാധിച്ചിട്ടില്ല.സാന്‍ഫ്രാന്‍സിസ്കോയില്‍ തുടങ്ങിയ ഈ പ്രസ്ഥാനം വളരെ വേഗം അമേരിക്കയിലെ ചെറുപ്പക്കാരുടെ ഇടയിലേക്ക് പടര്‍ന്ന് പിടിച്ചു.കാലക്രമത്തില്‍ ദുര്‍ബലമായി തീര്‍ന്ന ഈ അനാചാരം 1966 വീണ്ടും സജീവമായി.അന്റോണ്‍ എസ് സാല്‍വേയാണ് ഈ തിരിച്ചുവരവിന്റെ പ്രണേതാവായി കരുതപ്പെടുന്നത്.എല്ലാ മേഛതളിലും മുഴുകുന്ന ഈ സംഘാഗങ്ങള്‍ ഇവയെല്ലാം തങ്ങളുടെ അവകാശവും കടമയുമാണെന്ന് കരുതുന്നു.ലൈംഗീകതയുടെ അതിപ്രസരവും മദ്യപാനവും മയക്കുമരുന്നും ചിലപ്പോള്‍ മനുഷ്യക്കുരുതി പോലും ഇവരുടെ ആരാധനയില്‍ നടക്കുന്നു.ഈ സംഘടനയുടെ ലക്ഷ്യവും യഥാര്‍ത്ഥ സ്വഭാവവും അതു വരുത്തുന്ന ഭവിഷ്യത്തുകളും അറിയാതെയാണ് യുവജനങ്ങളും കുട്ടികള്‍ പോലും അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.ഇത്തരം സംഘടനകളോട് വെറും ജിജ്ഞാസയില്‍ തുടങ്ങുന്ന താത്‌പര്യം സാവധാനം ആസക്തിയും പിന്നീട് അടിമത്തവുമായി മാറുന്നു.ഇപ്പോള്‍ നമ്മുടെ നാട്ടിലും അനേകം യുവാക്കള്‍ അറിഞ്ഞോ അറിയാതെയോ അവരുടെ വലയിലകപ്പെട്ടിട്ടുള്ളതായി കേള്‍ക്കുന്നു.മലയാളത്തിലടക്കം അടുത്തകാലത്തിറങ്ങിയ ചില സിനിമകള്‍ പിശാചിനെ ആരാധിക്കുന്ന പ്രവണതക്ക് ആക്കം കൂട്ടി.മരിച്ചുപോയവരുടെ ആത്മാക്കളെ വിളിച്ചുവരുത്തി ഭാവിയും മറ്റ് രഹസ്യങ്ങളും അറിയാന്‍ ശ്രമിക്കുന്നവരുടെ സംഖ്യയും വര്‍ദ്ധിക്കുന്നു.കളത്തില്‍ നിരത്തിയ അക്ഷരങ്ങളുടെമേല്‍ നാണയമോ മറ്റ് വസ്തുക്കളോ അദൃശ്യകരങ്ങളാല്‍ ചലിപ്പിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന ആത്മാക്കളെ വിളിച്ചുവരുത്താന്‍ കഴിയുമെന്ന് പറയുന്ന 'ഓജോബോര്‍ഡ്'പോലുള്ള മാന്ത്രിക ഉപകരണങ്ങളുടെ ഉപയോഗവും വര്‍ദ്ധിച്ചു വരുന്നു.പ്രത്യക്ഷത്തില്‍ നിരുപദ്രവകരമായി തോന്നുന്ന വസ്തുക്കള്‍ ശരീരത്തില്‍ ധരിക്കുന്നതും ചില വികൃത രൂപങ്ങളുടെ ചിത്രങ്ങള്‍ ശരീരത്തില്‍ ഒട്ടിക്കുന്നതും തലയോട്ടി,അസ്തികള്‍ സര്‍പ്പം, തേള്‍ മുതലായവയുടെ രൂപങ്ങള്‍ കഴുത്തില്‍ ധരിക്കുന്നതും ഇന്ന് ഫാഷനായി തീര്‍ന്നിരിക്കുന്നു.നന്മയായതിനെയെല്ലാം വെറുക്കുകയും തിന്മയായതിനെയെല്ലാം മഹത്വമുള്ളതായി കരുതുകയും ചെയ്യുന്നതാണ് സാത്താന്‍ ആരാധനക്കാരുടെ മുഖമുദ്ര.പുതിയതായ എന്തിനേയും സ്വീകരിക്കനും അനുകരിക്കാനുമുള്ള യുവജനങ്ങളുടെ പ്രവണതയാണ് ഇവര്‍ മുതലെടുക്കുന്നത്.വെറും ജിജ്ഞാസയില്‍ തുടങ്ങി, മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ഉപയോഗത്തിലൂടെ ശക്തിപ്രാപിച്ച് സകല തിന്മകളും കൊലപാതകംവരെ ഒരു മടിയും കൂടാതെ ചെയ്യാനും അവസാനം സമൂഹത്തിന് തന്നെ ഒരു ഭീഷണിയായും ഇവര്‍ വളരുന്നു.എല്ലാമതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ കാണുന്ന ടി വി പരിപാടികള്‍,പങ്കെടുക്കുന്ന സംഘങ്ങള്‍,ധരിക്കുന്ന അടയാളങ്ങള്‍ മുതലായവയെക്കുറിച്ചെല്ലാം ശ്രദ്ധിക്കേണ്ടതാണ്.പല ബഹുരാഷ്‌ട്രകമ്പനികളും സാത്താന്‍ ആരാധനയുടെ പ്രചാരകരാണന്ന കാര്യവും അറിഞ്ഞിരിക്കണം.
സാത്താന്‍ ആരാധനക്കെതിര ബൈബിള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.-2കൊറി 11,14 വെളി.13:4,8,15
Monday, December 3, 2007
ബൈബിളിലെ അപ്രമാണിക ഗ്രന്ഥങ്ങള്‍
ആദിമ ക്രൈസ്തവരുടേയും യഹൂദരുടേയും കാഴ്ചപ്പാടുകളും ചിന്താരീതികളും വ്യക്തമായി ചിത്രീകരിക്കുന്ന അനേകം ഗ്രന്ഥങ്ങള്‍ ഇന്നു ലഭ്യമാണ്. ബി.സി .രണ്ടാം നൂറ്റാണ്ടിനും ഏ ഡി രണ്ടാം നൂറ്റാണ്ടിനും ഇടയില്‍ രൂപംകൊണ്ട ഈ ഗ്രന്ഥങ്ങളെ പൊതുവെ 'അപ്പോക്രിഫാ'(Apocrypha) എന്നാണ് കത്തോലിക്കര്‍ വിളിക്കുന്നത്. പ്രൊട്ടസ്റ്റന്റ് സഭകള്‍ ഇവയെ പ്‌സെവുദേപിഗ്രഫ(Pseudepigrapha) എന്ന് വിശേഷിപ്പിക്കുന്നുയഹുദരോ ക്രൈസ്തവരോ ദൈവനിവേശിതഗ്രന്ഥങ്ങളായി ഇവയെ കരുതുന്നില്ല.എന്നാല്‍ ദൈവം നേരിട്ട് തങ്ങള്‍ക്ക് വെളിപ്പെടുത്തിയ സത്യങ്ങളാണ് ഇവിടെ രേഖപ്പെടുത്തുന്നതെന്ന് ഈ ഗ്രന്ഥങ്ങളുടെ രചയിതാക്കള്‍ അവകാശപ്പെടുന്നുണ്ട്.പണ്ടെങ്ങോ ജീവിച്ചിരുന്ന വ്യക്തികളുടെ പേരിലാണ് ഗ്രന്ഥങ്ങള്‍ അറിയപ്പെടുന്നത്.ആധികാരികത ലഭിക്കാന്‍ വേണ്ടി ഉപയോഗിച്ചിരിക്കുന്ന വ്യാജനാമങ്ങളാണിത്.പ്രപഞ്ചത്തിന്റെ ഉത്ഭവം, ചരിത്രം, അവസാനം മുതലായവയെക്കുറിച്ചുളള രഹസ്യങ്ങള്‍ ദൈവംതന്നെ ദൂതന്മാര്‍വഴി തങ്ങള്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു എന്ന അവകാശവാദം ഈ ഗ്രന്ഥങ്ങിലെല്ലാം കാണാം. മാലഖമാരും പിശാചുക്കളും ഇവിടെ പ്രധാന കഥാപാത്രങ്ങാണ്.ജൂബിലിയുടെ ഗ്രന്ഥം(Book of Jubilees)ആദാമിന്റേയും ഹവ്വായുടേയും പുസ്തകങ്ങള്‍,ഏനോക്കിന്റെ പുസ്തകം,പന്ത്രണ്ട് ഗോത്രപിതാക്കന്മാരുടെ വില്‌പത്രങ്ങള്‍(The Testaments of Twelve Partriarchs),സിബിലിന്റെ അരുളപ്പാടുകള്‍,(The Sibylline Oracles)മോശയുടെ സ്വര്‍ഗാരോഹണം,ഏനോക്കിന്റെ രഹസ്യങ്ങളുടെ പുസ്തകം,ബാറൂക്കിന്റെ വെളിപാട് എന്നിവ അവയില്‍ ചിലതാണ്.പുതിയ നിയമകാലത്തും തുടര്‍ന്നുള്ള ആദ്യ നൂറ്റാണ്ടിലും യഹൂദരുടേയും ക്രൈസ്തവരൂടെയും ചിന്തകളെ വളരെയേറെ സാധീനിച്ചിരുന്ന ഗ്രന്ഥങ്ങളാണിവ.എന്നാല്‍ ഏ.ഡി നാലാം നൂറ്റാണ്ടോടുകൂടി ഈ ഗ്രന്ഥങ്ങളുടെ സ്വാധീനവും പ്രസക്തിയും സാവധാനം ക്ഷയിച്ചു.പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ഇവയില്‍ പലതും വീണ്ടും പ്രത്യക്ഷപ്പെട്ടത്.ക്രിസ്തീയ വിശ്വാസത്തിന് നിരക്കാത്ത അനേകം കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ സൂക്ഷ്‌മമായ വിവേചനബോധത്തോടെയേ ഇവയെ ഉപയോഗിക്കാവൂ.